India - 2025
കുറവിലങ്ങാട് ഇടവകയിലെ അഖണ്ഡ ജപമാല ആറു മാസത്തിന്റെ തികവിലേക്ക്
20-10-2021 - Wednesday
കുറവിലങ്ങാട്: ജപമാലയുടെ പുണ്യംപേറുന്ന ഒക്ടോബര്‍ പൂര്‍ത്തീകരിക്കുമ്പോള്‍ മരിയഭക്തിയുടെ പ്രചാരകരായ കുറവിലങ്ങാടിന് പുതിയൊരു പ്രാര്‍ത്ഥനാചരിത്രവും. ആറു മാസം തുടര്‍ച്ചയായി ഇടമുറിയാതെ ജപമാല ചൊല്ലിയ ഇടവകയെന്ന ചരിത്രമാകും കുറവിലങ്ങാട് എഴുതിച്ചേര്‍ക്കുക. മേയ് ഒന്നിന് ആരംഭിച്ച അഖണ്ഡ ജപമാലയാണ് ആറുമാസത്തിന്റെ പൂര്‍ണതയിലേക്കു പ്രവേശിക്കുന്നത്.
കോവിഡ് ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്നും ആത്മീയ കരുത്തിനാല്‍ മോചനം നേടുക എന്ന ലക്ഷ്യത്തോടെയാണ് അഖണ്ഡ ജപമാലയ്ക്കു ലക്ഷ്യമിട്ടത്. കഴിഞ്ഞ 170 ദിവസത്തോളമായി ഇടവകയിലെ ഒരു കുടുംബമെങ്കിലും രാപകല്‍ ഭേദമില്ലാതെ ജപമാല ചൊല്ലുന്നുവെന്നതാണു രീതി.
ഒരു ദിവസം ഒരു കുടുംബകൂട്ടായ്മാ യൂണിറ്റിന് എന്ന രീതിയില്‍ 48 കുടുംബങ്ങള്‍ക്ക് ജപമാല ചൊല്ലാനുള്ള അവസരം നല്‍കുന്നു. 3200 ലേറെ കുടുംബങ്ങളുള്ള ഇടവകയില്‍ തങ്ങള്‍ക്കു ലഭിക്കുന്ന അവസരത്തെ വലിയ ആത്മീയ ആഘോഷമായാണ് ഓരോ കുടുംബവും ഏറ്റുവാങ്ങുന്നത്. പള്ളി യോഗപ്രതിനിധികളുടെയും കുടുംബകൂട്ടായ്മ ഭാരവാഹികളുടെയും നേതൃത്വത്തില്‍ മുന്‍കൂട്ടി പട്ടിക തയാറാക്കിയാണ് കുടുംബങ്ങള്‍ക്ക് അവസരം നല്‍കുന്നത്.
ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയിലിന്റെ നിര്‍ദേശപ്രകാരമാണ് ഒരു മാസത്തേയ്ക്ക് ആരംഭിച്ച പ്രാര്‍ത്ഥനായജ്ഞം ആറു മാസത്തിന്റെ തികവിലേക്ക് വളര്‍ത്താനായത്. വീടുകളിലെ ജപമാലയര്‍പ്പണത്തിനൊപ്പം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇടവക ദേവാലയത്തിലും ഇടവകയുടെ സ്ഥാപനങ്ങളിലും പ്രത്യേക ജപമാല അര്‍പ്പണങ്ങളും അഖണ്ഡ ജപമാലയും ക്രമീകരിച്ചതോടെ ജപമാലഭക്തിയില്‍ വളരാന്‍ ഇടവകയ്ക്കു കഴിഞ്ഞു. ഒക്ടോബറിലെ ജപമാലപുണ്യത്തോടു ചേര്‍ന്ന് മാസത്തിലെ അവസാന പത്തു ദിവസം ഇടവക ദേവാലയത്തില്‍ പ്രത്യേക ജപമാല അര്‍പ്പണവും നടക്കും.