India - 2025
കുഞ്ഞച്ചന്‍ പാവപ്പെട്ടവരുടെമേല്‍ പെയ്തിറങ്ങിയ അനുഗ്രഹവര്‍ഷം: മാര്‍ ജേക്കബ് മുരിക്കന്‍
പ്രവാചകശബ്ദം 17-10-2021 - Sunday
രാമപുരം: പാവപ്പെട്ടവരുടെമേല്‍ ഒരു സങ്കീര്‍ത്തനംപോലെ പെയ്തിറങ്ങിയ അനുഗ്രഹ വര്‍ഷമായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്ന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന്റെ സമാപന ദിവസമായ ഇന്നലെ റാസ കുര്ബാടന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.
ദളിതരെ അടിമത്തത്തില് നിന്നു മോചിപ്പിക്കുവാന്‍ മോശയെപ്പോലെ ദൈവം കുഞ്ഞച്ചനെ അയച്ചു, ദേവാലയത്തിലെ അള്‍ത്താരയ്ക്കു മുമ്പില്‍ അവരെ കൊണ്ടുവന്ന് കുഞ്ഞച്ചന്‍ ദിവ്യബലിയര്‍പ്പിച്ച് സാഹോദര്യത്തിന്റെ വാതിലുകള്‍ അവര്‍ക്കുമുമ്പില്‍ തുറന്നിട്ടുവെന്നും മാര്‍ മുരിക്കന്‍ പറഞ്ഞു. ഇന്നലെ രാവിലെ ചെറുപുഷ്പം മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി സ്മരണയില്‍ അംഗങ്ങള്‍ കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഉച്ചയ്ക്ക് ജപമാല പ്രദക്ഷിണവും തുടര്‍ന്ന് ഡിസിഎംഎസ് തീര്‍ത്ഥാടനവും നടന്നു.