India - 2025

പുതു ദര്‍ശനം ഉള്‍ക്കൊണ്ട് ക്രിസ്തുസാക്ഷ്യം ലോകത്തിനു നല്‍കണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

പ്രവാചകശബ്ദം 16-10-2021 - Saturday

പരുമല: സമൂഹവും സഭയും പുതിയ ദര്‍ശനം ഉള്‍ക്കൊണ്ട് മനുഷ്യപ്രകൃതിയെ ഏകതയിലേക്കു കൊണ്ടുവരികയെന്ന ക്രിസ്തുസാക്ഷ്യം ലോകത്തിനു നല്‍കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനായി ചുമതലയേറ്റ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ അനുമോദിച്ചു നടന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭാഗാത്രത്തെ സംരക്ഷിക്കുകയും പടുത്തുയര്‍ത്തുകയുമാണ് സഭാ നേതൃത്വത്തിലേക്കു വരുന്നവരുടെ പ്രധാന കടമയെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

ലോകത്തെ ഒന്നായി കണ്ടു കാരുണ്യത്തിന്റെ സന്ദേശം പകരാനാകണം. ലോകത്തിനു ക്രിസ്തുവിലൂടെ ലഭിച്ച സുകൃതങ്ങള്‍ പിന്തുടരുകയാണു വേണ്ടത്. സഭകളെയും സമൂഹത്തെയും കൂടുതല്‍ ഐക്യത്തിലേക്കും സഹകരണത്തിലേക്കും കൊണ്ടുവരാന്‍ തക്ക നേതൃത്വം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാത്യൂസ് തൃതീയന്‍ ബാവ ദീപികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഏറെ അഭിമാനത്തോടെയും പ്രതീക്ഷയോടെയുമാണ് അദ്ദേഹത്തിന്റെ ആശയങ്ങളെയും കാഴ്ചപ്പാടുകളെ നോക്കിക്കാണുന്നതെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.

കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ.യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, കല്‍ദായ ബിഷപ്പ് മാര്‍ ഔഗേന്‍ കുര്യാക്കോസ്, മന്ത്രി വി.എന്‍. വാസവന്‍, പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി. കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിറില്‍ പാത്രിയര്‍ക്കീസ് എന്നിവരുടെ സന്ദേശങ്ങള്‍ യോഗത്തില്‍ വായിച്ചു.

മന്ത്രി വീണാ ജോര്‍ജ്, എംപിമാരായ ആന്റോ ആന്റണി, തോമസ് ചാഴികാടന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മാത്യു ടി.തോമസ്, മോന്‍സ് ജോസഫ്, പ്രമോദ് നാരായണ്‍, മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി തുടങ്ങിയവരും ആശംസകള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.

More Archives >>

Page 1 of 420