India - 2024
കോതമംഗലത്തു ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ തുടര്‍ക്കഥ: ഊന്നുകൽ പള്ളിയുടെ കപ്പേള തകര്‍ത്തു
പ്രവാചകശബ്ദം 15-10-2021 - Friday
കോതമംഗലം: കോതമംഗലം രൂപതയുടെ കീഴിലുള്ള പുലിയൻപാറ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിലെ രൂപക്കൂട്ടിൽ സ്ഥാപിച്ചിരുന്ന മാതാവിൻ്റെ തിരുസ്വരൂപം വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി ദിവസങ്ങള്‍ക്കകം മറ്റൊരു ആക്രമണം. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയുടെ കല്ലാമക്കുത്ത് വിശുദ്ധ അന്തോണീസിന്റെ കപ്പേളയാണ് അജ്ഞാതര്‍ തകര്‍ത്തത്. രാവിലെ നേർച്ചയിടാനെത്തിയവരാണ് ചാപ്പൽ തകർക്കപ്പെട്ട നിലയിൽ കണ്ടത്. ഇവർ പള്ളിയിൽ വിവരമറിയിക്കുകയായിരുന്നു. പള്ളി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് മുവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമീപത്തുള്ള ടയർ കടയുടെ മുൻപിൽ ചാപ്പലിൻ്റെ ചിത്രം വരച്ച് എറിഞ്ഞുതകർക്കേണ്ട ഭാഗം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കോതമംഗലം രൂപതയുടെ കീഴിലുള്ള രണ്ടാമത്തെ പള്ളിയാണ് ഒരാഴ്ച്ചക്കിടയിൽ ആക്രമണത്തിരയാവുന്നത്. ടാർ മിക്സിംഗ് പ്ലാൻ്റിൽ നിന്നുള്ള വിഷപ്പുക മൂലം മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളിയില്‍ അടുത്ത നാളിലാണ് വിശുദ്ധ കുര്‍ബാന പുനഃരാരംഭിച്ചത്.
ഒരാഴ്ച്ച മുന്‍പ് പുലിയൻപാറ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ രൂപക്കൂട് തകർത്ത് മാതാവിൻ്റെ രൂപം പൈനാപ്പിൾ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവം നടന്നെങ്കിലും ഇതിലെ പ്രതികളെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോതമംഗലം എം എൽ എ ആൻ്റണി ജോൺ അടക്കമുള്ള ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദർശിച്ചു. രൂപതയുടെ കീഴിലുള്ള പള്ളികൾ നിരന്തരം ആക്രമിക്കപ്പെടുന്നതിൽ വിശ്വാസികൾ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.