India - 2025

മിസ്പ പദ്ധതിക്കു കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കം

18-08-2023 - Friday

കാഞ്ഞിരപ്പള്ളി: കുടുംബവിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപതയില്‍ മിസ്പ പദ്ധതിക്കു തുടക്കമായി. കുമളിയിൽ നടത്തപ്പെട്ട രൂപത ദിനത്തോടനുബന്ധിച്ച് 2023 മേയ് 12 മുതൽ 2024 മേയ് 12 വരെ കുടുംബവിശുദ്ധീകരണ വർഷമായി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പ്രഖ്യാപിച്ചിരിന്നു. കുടുംബ വിശുദ്ധീകരണം കൂദാശകളിലൂടെ എന്ന ദർശനത്തെ ആധാരമാക്കി സഭാത്മക ആധ്യാത്മികതയിൽ ശക്തിപ്പെടുന്നതിനുള്ള കർമപദ്ധതിയാണ് മിസ്പ. ഓരോ കുടുംബത്തിനുമായി നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളിൽ പ്രസ്തുത കുടുംബത്തെ അനുസ്മരിച്ച് ഇടവകസമൂഹം പ്രാർത്ഥിക്കും.

അന്നേദിവസം ആ കുടുംബം പരിശുദ്ധ കുമ്പസാരം സ്വീകരിച്ചൊരുങ്ങി വിശുദ്ധ കുർബാനയിൽ പങ്കുചേരും. അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിലെ ഡിപ്റ്റിക്സിൽ കുടുംബത്തെ പ്രത്യേകം അനുസ്മരിച്ച് പ്രാർത്ഥിക്കും. ഇടവകയിൽ ശുശ്രൂ ഷ നിർവഹിക്കുന്ന വൈദികരുമായി കുടുംബാംഗങ്ങൾ ആശയവിനിമയം നട ത്തുകയും പരസ്പര ശ്രവണത്തിന് വേദിയാവുകയും ചെയ്യുകയെന്നതും മിസ്പാ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

ഇടവകയിൽ തയാറാക്കപ്പെടുന്ന ലിസ്റ്റനുസരിച്ചാണ് ഓരോ കുടുംബത്തിനുമുള്ള ദിവസം നിശ്ചയിക്കുന്നത്. 15ന് ആരംഭിച്ച് രൂപത ദിനമായ മേയ് 12ന് സമാപിക്കത്തക്ക വിധത്തിലാണ് ക്രമീകരണം. കൗദാശിക ജീവിതത്തിലൂടെ സഭാത്മക ആധ്യാത്മികതയിൽ ശക്തിപ്പെട്ട് ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകാൻ നാമേവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മിസ്പ പദ്ധതിക്ക് ആമുഖമായി നൽകിയ സന്ദേശത്തിൽ മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.

രൂപത ഫാമിലി അപ്പസ്തോലേറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം മുണ്ടിയെരുമ അസംപ്ഷൻ ഫൊറോന ഇടവകയിൽ രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ നിർവഹിച്ചു. ഫൊറോന വികാരി ഫാ. തോമസ് ഞള്ളിയിൽ, ഡീക്കൻ തോമസുകുട്ടി ഞൊ ണ്ടിക്കൽ, കൈക്കാരന്മാരായ വർക്കിച്ചൻ പുത്തൻപുര, മാത്യു മാൻകുന്നേൽ, പിആർഒ ഫ്രാൻസിസ് പുളിക്കൽ, മാതൃവേദി ആനിമേറ്റർ സിസ്റ്റർ മരിയ, പ്രസിഡന്റ് ജൂലി കൊച്ചുപുര, സന്യാസിനികൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.


Related Articles »