News - 2024

മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം അടുത്ത വര്‍ഷം, കേരളത്തില്‍ എത്താനുള്ള സാധ്യതകളേറെ

പ്രവാചകശബ്ദം 31-10-2021 - Sunday

ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം അടുത്ത വര്‍ഷം യാഥാര്‍ഥ്യമായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ക്ഷണമനുസരിച്ച് എത്തുന്ന മാര്‍പാപ്പ കേരളത്തിലും പര്യടനം നടത്തുമെന്നാണ് സൂചന. 50 ലക്ഷത്തിലേറെ വിശ്വാസികളുള്ള സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും ആസ്ഥാനം കേരളത്തിലാണെന്നതും വിശുദ്ധരായ അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യാ എന്നിവരുടെ ജന്മനാടാണ് കേരളമെന്നതും ഇതിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൊല്‍ക്കത്തയിലെ മദര്‍ ഹൗസിലെത്തി വിശുദ്ധ മദര്‍ തെരേസയുടെ കബറിടത്തില്‍ മാര്‍പാപ്പ പ്രാര്‍ത്ഥിക്കാനും സാധ്യതയേറെയാണ്.

കേരളം, മുംബൈ, കോല്‍ക്കത്ത, മേഘാലയിലോ മറ്റേതെങ്കിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലോ ഉള്‍പ്പെടെ ഒരാഴ്ചയോളം നീളുന്ന സന്ദര്‍ശനത്തിനാണ് സാധ്യത. ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ ഇന്ത്യയില്‍ വിശദ പര്യടനത്തിനു പാപ്പാ തയാറായേക്കുമെന്നു വത്തിക്കാന്‍ സ്ഥാനപതി കാര്യാലയവും സൂചിപ്പിച്ചു. എന്നാല്‍, ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പിന്നീടു മാത്രമേ അക്കാര്യം തീരുമാനിക്കൂവെന്നും വത്തിക്കാന്‍ കാര്യാലയത്തിലെയും കേന്ദ്രസര്‍ക്കാരിലെയും ഉന്നതര്‍ വ്യക്തമാക്കിയതായി 'ദീപിക' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടു പതിറ്റാണ്ടിനു ശേഷമുള്ള മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പത്തിനും ലോകസമാധാനത്തിനും കാരണമാകുമെന്നാണു പ്രതീക്ഷ. 2017 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മ്യാന്‍മറിലും ബംഗ്ലാദേശിലും ഒരാഴ്ച നീണ്ട പര്യടനമാണ് പാപ്പ നടത്തിയത്. മാര്‍പാപ്പയുടെ ചരിത്രം കുറിച്ച മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേക്കു മടങ്ങുന്‌പോള്‍ പ്രത്യേക പേപ്പല്‍ വിമാനത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇന്ത്യയിലെ വിശ്വാസികളെ കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പാപ്പ പറഞ്ഞിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »