India - 2025

മൂന്നര പതിറ്റാണ്ടു മുമ്പു നടന്ന മാര്‍പാപ്പയുടെ ചരിത്രസന്ദര്‍ശനത്തിന്റെ സ്മരണയില്‍ കേരളം

ദീപിക 31-10-2021 - Sunday

കൊച്ചി: സാര്‍വത്രിക കത്തോലിക്കാസഭയുടെ പരമാധ്യക്ഷനെ ഭാരതമണ്ണിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചെന്ന ശുഭവാര്‍ത്ത കേള്‍ക്കുമ്പോള്‍, മൂന്നര പതിറ്റാണ്ടു മുമ്പു നടന്ന മാര്‍പാപ്പയുടെ ചരിത്രസന്ദര്‍ശനത്തെക്കുറിച്ചുള്ള അഭിമാനസ്മൃതിയിലാണു കേരളം. 1986 ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണു ഭാരത സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയത്. എറണാകുളം, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ പാപ്പയുടെ സന്ദര്‍ശന പരിപാടികളിലും വിശുദ്ധ കുര്ബാനനകളിലും പതിനായിരങ്ങള്‍ പങ്കെടുത്തു.

ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തിയ പുണ്യനിമിഷങ്ങള്‍ക്കും അന്നു പാപ്പയുടെ സന്ദര്‍ശനം സാക്ഷിയായി. ഫെബ്രുവരി ഏഴിനു രാവിലെ 9.20നു ഗോവയില്നിടന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ബോയിംഗ് 737 വിമാനത്തിലാണു കൊച്ചി വിമാനത്താവളത്തില്‍ (ഇന്നത്തെ നേവി എയര്‍പോര്‍ട്ട്) മാര്‍പാപ്പ വന്നിറങ്ങിയത്. എറണാകുളം ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ, വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കേളന്തറ, കൊച്ചി മേയറുടെ അധികചുമതലയുമുണ്ടായിരുന്ന ജില്ലാ കളക്ടര്‍ എം.പി. ജോസഫ് എന്നിവരുള്‍പ്പെടെ മത, സാമൂഹ്യ നേതാക്കള്‍ പാപ്പയെ സ്വീകരിച്ചു.

സന്ദര്‍ശനത്തിലെ ആദ്യ പരിപാടി നടന്ന തൃശൂരിലേക്ക് ഹെലികോപ്റ്ററിലാണു പുറപ്പെട്ടത്. ഉച്ചയ്ക്കു 12ന് തിരിച്ചു കൊച്ചിയില്‍. എറണാകുളത്തു കാര്‍ഡിനല്‍ ഹൗസില്‍ ഭക്ഷണത്തിനും വിശ്രമത്തിനുംശേഷം കളമശേരി എച്ച്എംടി ഗ്രൗണ്ടില്‍ പതിനായിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ദിവ്യബലിയര്‍പ്പണം.

വൈകുന്നേരം എറണാകുളത്തു ക്രൈസ്തവ നേതാക്കളുമായും ഇതര മതങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടന്നു. സെന്റ് മേരീസ്, സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലുകള്‍ പാപ്പ സന്ദര്‍ശിച്ചു. കാര്‍ഡിനല്‍ ഹൗസിലായിരുന്നു അത്താഴവും വിശ്രമവും.

പിറ്റേന്നു കോട്ടയത്തു നടന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററിലായിരുന്നു യാത്ര. കോട്ടയം നെഹ്റു സ്‌റ്റേഡിയത്തില്‍ വിശുദ്ധ കുര്ബാൗനയര്പ്പിരച്ചു. പി ന്നീട് തിരുവനന്തപുരത്തെയും സന്ദര്‍ശനം പൂര്‍ത്തിയാക്കി അന്നത്തെ അത്താഴവും വിശ്രമവും വരാപ്പുഴ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍. ഒമ്പതിനു രാവിലെ 8.20നു ബോയിംഗ് 737 പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക്. പാപ്പയുടെ എല്ലാ പരിപാടികളിലും ക്രൈസ്തവ വിശ്വാസികള്‍ക്കു പുറമേ, ഇതര മതസ്ഥരും പങ്കുചേര്‍ന്നു. 1999 ലെ രണ്ടാം ഭാരതസന്ദര്‍ശനത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ഡല്‍ഹിയിലെത്തി.

കേരളം സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ 2014 ഏപ്രില്‍ 27നു വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടതും മലയാളികളുടെ പുണ്യസ്മൃതികള്‍ക്കു സുഗന്ധം പരത്തുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഭാരത സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കുകയും കേരളത്തിലേക്കുകൂടി എത്താനുമുള്ള പ്രാര്‍ത്ഥനയിലും കാത്തിരിപ്പിലുമാണു മലയാളികള്‍.


Related Articles »