News - 2024

സിറിയന്‍ സഭയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് $1,70,000 പേപ്പല്‍ സഹായം

പ്രവാചകശബ്ദം 31-10-2021 - Sunday

ഡമാസ്കസ്: ഇസ്ലാമിക് തീവ്രവാദികളുടെ അധിനിവേശവും ആഭ്യന്തര യുദ്ധങ്ങളും ഏല്‍പ്പിച്ച മുറിവുകള്‍ വഹിക്കുന്ന സിറിയയിലെ പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനുള്ള സിറിയന്‍ കത്തോലിക്ക സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ കൈത്താങ്ങ്‌. 1,70,000 ഡോളറാണ് നിര്‍ദ്ധനര്‍ക്കിടയിലുള്ള സഭയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പാപ്പ നല്‍കുന്നത്. സിറിയന്‍ സഭയുടെ കീഴിലുള്ള പതിനേഴോളം മേഖലകളില്‍ ഓരോ മേഖലക്കും 10,000 ഡോളര്‍ വീതം ലഭിക്കുമെന്നു പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി ഒക്ടോബര്‍ 26നു പ്രഖ്യാപിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി കര്‍ദ്ദിനാള്‍ സാന്ദ്രി സിറിയയിലുണ്ട്.

ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 3 വരേയുള്ള തന്റെ സിറിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ദ്ദിനാള്‍ സാന്ദ്രി സിറിയന്‍ മെത്രാന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിറിയയില്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി വിവിധ സഭാ സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ അടുത്ത മാര്‍ച്ചില്‍ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുവാന്‍ പദ്ധതിയുണ്ടെന്നും യോഗത്തിനിടെ കര്‍ദ്ദിനാള്‍ പ്രഖ്യാപിച്ചു. ഡമാസ്കസില്‍വെച്ച് നടത്തുവാന്‍ പദ്ധതിയിട്ടിരിക്കുന്ന ഈ യോഗത്തില്‍ ഏത് വിധത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഭാവിയില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന കാര്യവും ചര്‍ച്ച ചെയ്യും. അന്നേ ദിവസം തന്നെ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭാ തലവന്‍ പാത്രിയാര്‍ക്കീസ് യൂസഫ്‌ അബ്സിയോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും കര്‍ദ്ദിനാള്‍ പങ്കു ചേര്‍ന്നിരുന്നു.

തന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി വൈദികരുമായി കൂടിക്കാഴ്ചകള്‍ നടത്തുവാനും, കത്തോലിക്ക സന്നദ്ധ സ്ഥാപനങ്ങളും, ആശുപത്രികളും, അനാഥാലയങ്ങളും സന്ദര്‍ശിക്കുവാനും കര്‍ദ്ദിനാള്‍ സാന്ദ്രിക്ക് പദ്ധതിയുണ്ട്. ഡമാസ്കസിന് പുറമേ ടാര്‍ട്ടൌസ്, ഹോംസ്, യാബ്രൂദ്, മാലൌല, ആലപ്പോ എന്നീ നഗരങ്ങളും സന്ദര്‍ശിക്കുന്ന കര്‍ദ്ദിനാള്‍ സിറിയയില്‍ ഏറ്റവുമധികം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ആലപ്പോയിലെ എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയിലും, മതസൗഹാര്‍ദ്ദ യോഗത്തിലും പങ്കെടുക്കും. ആഭ്യന്തര യുദ്ധത്തിനു മുന്‍പ് ആലപ്പോയില്‍ 1,80,000 ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നിടത്ത് 2019-ലെ കണക്കനുസരിച്ച് വെറും 32,000 ക്രൈസ്തവര്‍ മാത്രമേയുള്ളു.


Related Articles »