News

ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം, സ്ഥിതി വഷളാകുന്നു: പ്രാര്‍ത്ഥനയും ഇടപെടലും തേടി എത്യോപ്യന്‍ വൈദികന്റെ സന്ദേശം

പ്രവാചകശബ്ദം 04-11-2021 - Thursday

ആഡിസ് അബാബ: കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ ഗവണ്‍മെന്റ് സൈന്യവും, ടൈഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വടക്കന്‍ എത്യോപ്യയിലെ സ്ഥിതിഗതികള്‍ അതീവ മോശമായികൊണ്ടിരിക്കുകയാണെന്ന്‍ അറിയിച്ചുക്കൊണ്ട് കത്തോലിക്ക വൈദികന്റെ കത്ത്. തലസ്ഥാന നഗരമായ ആഡിസ് അബാബയില്‍ നിന്നും 240 മൈല്‍ വടക്ക് ഭാഗത്തുള്ള ടൈഗ്രേയ്ക്കു സമീപത്തുള്ള അംഹാരയിലെ കൊമ്പോള്‍ച്ച എന്ന ചെറു പട്ടണം സംഘര്‍ഷ മേഖലകളില്‍ നിന്നും പലായനം ചെയ്ത ആഭ്യന്തര അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റ് സഹായങ്ങളും എങ്ങനെ നല്‍കണമെന്നതാണ് ഏറ്റവും വലിയ ആശങ്കയെന്നും സുരക്ഷാ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താത്ത വൈദികന്‍ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ന് അയച്ച കത്തില്‍ പറയുന്നു.

കൊമ്പോള്‍ച്ചയില്‍ സേവനം ചെയ്തുവരികയാണ് അദ്ദേഹം. സംഘര്‍ഷം കൂടുതല്‍ അടുത്തു കൊണ്ടിരിക്കുന്നതിനാല്‍ ആഡിസ് അബാബയില്‍ സ്വന്തക്കാരുള്ളവര്‍ തങ്ങളുടെ മക്കളേയും ഭാര്യയേയും അവരുടെ പക്കലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ സെമിനാരി വിദ്യാര്‍ത്ഥികളില്‍ ചിലരെ ആഡിസ് അബാബയിലേക്ക് മാറ്റി. ഞങ്ങള്‍ ഒരുപാട് ദുരിതങ്ങള്‍ കണ്ടു. നിരവധി പേര്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പലായനം ചെയ്യേണ്ടതായും വന്നു. ഭക്ഷണം, ശുദ്ധജലം, മരുന്നുകള്‍, താമസ സ്ഥലം എന്നിവയുടെ ആവശ്യമുണ്ട്. കോമ്പോള്‍ച്ചയില്‍ മാത്രം നാലായിരത്തോളം ആഭ്യന്തര അഭയാര്‍ത്ഥികള്‍ ഉണ്ടെന്നും അദ്ദേഹം കത്തില്‍ പങ്കുവെച്ചു.

അവര്‍ക്ക് വേണ്ട ഭക്ഷണം, പുതപ്പുകള്‍, വെള്ളം തുടങ്ങിയവ ശേഖരിക്കുവാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും, അതെല്ലാം കടലോളം വരുന്ന ആവശ്യങ്ങളിലേക്കോഴുക്കുന്ന വെറും തുള്ളികള്‍ മാത്രമാണ്. ഒക്ടോബര്‍ അവസാനമായപ്പോഴേക്കും സര്‍ക്കാര്‍ സൈന്യം ഡെസ്സി പിടിച്ചടക്കിയതോടെ ടൈഗ്രേന്‍ പോരാളികള്‍ പിന്‍വാങ്ങി കൊമ്പോള്‍ച്ചയില്‍ പ്രവേശിക്കുവാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍ താന്‍ തന്റെ വൈദികരെ കോമ്പോള്‍ച്ചയില്‍ നിന്നും അയച്ചു കഴിഞ്ഞു. താനും കാവല്‍ക്കാരനും മാത്രമാണ് ഇവിടെ തുടരുന്നത്. നാളെ താനും ഇവിടം വിടുവാന്‍ ശ്രമിക്കുമെന്നും കൊമ്പോള്‍ച്ചയില്‍ ടൈഗ്രേന്‍ പോരാളികള്‍ പ്രവേശിക്കുന്നതിന്റെ തലേന്ന് നവംബര്‍ 1ന് രാത്രി അദ്ദേഹം എഴുതിയ കത്തില്‍ പറയുന്നു.

ടൈഗ്രേന്‍ പോരാളികള്‍ കൊമ്പോള്‍ച്ചയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ബാക്കിയുള്ള അഭയാര്‍ത്ഥികളെല്ലാം സ്ഥലം വിട്ടുകഴിഞ്ഞിരുന്നുവെന്നും വൈദികന്‍ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ നിയമവിരുദ്ധമായ തെരഞ്ഞെടുപ്പ് നടത്തിയെന്നാരോപിച്ച് പ്രക്ഷോഭം നടത്തുന്ന ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയുമായി പോരാട്ടം നടത്താൻ എറിത്രിയൻ സൈനികരോട് ഒപ്പം, എത്യോപ്യൻ സൈനികരെയും രാജ്യത്തെ പ്രധാനമന്ത്രി അബി അഹമ്മദ് അയച്ചിരുന്നു. ഇതോടുകൂടിയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോർട്ട് പ്രകാരം സാഹചര്യം ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത് ഗർഭിണികളെയും, വികലാംഗരെയും, പ്രായമായവരെയുമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 710