India - 2025

വേദനകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് തിരുഹൃദയ സന്യാസിനി സമൂഹം

പ്രവാചകശബ്ദം 19-11-2021 - Friday

കാഞ്ഞിരപ്പള്ളി: കോവിഡ് മഹാമാരിയും പ്രളയ ദുരിതങ്ങളും മൂലം കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങളെ ചേര്‍ത്തു പിടിച്ച് തിരുഹൃദയ സന്യാസിനി സമൂഹം. കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങൾക്ക് തിരുഹൃദയ സന്യാസിനി സമൂഹത്തിലെ കാഞ്ഞിരപ്പള്ളി വിമലാ പ്രോവിൻസിന്റെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കളും, വസ്ത്രങ്ങളും, സാമ്പത്തിക സഹായവും വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി വിമല പ്രോവിൻസിന്റെ ഭാഗമായ വിമൽ ജ്യോതി സോഷ്യൽ സർവ്വീസ് സൊസൈറ്റിയാണ് സഹായങ്ങൾ എത്തിച്ചു നൽകിയത്. സാമൂഹ്യക്ഷേമ വിഭാഗം കൗൺസിലർ സിസ്റ്റർ ട്രീസയുടെ നേതൃത്വത്തിലാണ് കഷ്ടതയനുഭവിക്കുന്ന ഏറ്റവും അർഹരായ കുടുംബങ്ങളെ കണ്ടെത്തി സഹായങ്ങൾ വിതരണം ചെയ്തത്.

ഇതു കൂടാതെ സ്വന്തമായി ഭവനമില്ലാത്ത ഒന്‍പതു നിർധന കുടുംബങ്ങൾക്ക് കാരുണ്യഭവനങ്ങളും നിർമ്മിച്ചു നൽകി. ഇക്കഴിഞ്ഞ നാളുകളിൽ മഴയിലും ഉരുൾപൊട്ടലിലും നാശനഷ്ടങ്ങളുണ്ടായ അഴങ്ങാട്‌ ഇടവകയിൽ തിരുഹൃദയ സന്യാസിനി സമൂഹത്തിലെ സിസ്റ്റർമാർ നേരിട്ടെത്തി അവിടെ ഹോം മിഷൻ നടത്തി അവരുടെ പ്രയാസങ്ങൾ ശ്രവിക്കുകയും അവർക്കായി പ്രാത്ഥിക്കുകയും ചെയ്തു. കോവിഡ് 19 മഹാമാരി മൂലം താൽകാലികമായി നിർത്തിവെച്ചിരുന്ന, പെൺകുട്ടികളുടെ ഉന്നമനത്തിനായുള്ള സാഫല്യ, മദ്യപാനം നിർത്തിയ കുടുംബനാഥന്മാരുടെ കൂട്ടായ്മയായ മോചനാ ഗ്രൂപ്പ് എന്നിവ പുനരാരംഭിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തു വരുന്നു.


Related Articles »