Life In Christ
നാസികള്‍ തലയറുത്ത് കൊലപ്പെടുത്തിയ ഫാ. ജാന്‍ മച്ചാ വാഴ്ത്തപ്പെട്ട പദവിയില്‍
പ്രവാചകശബ്ദം 22-11-2021 - Monday
കാടോവിസ്: 1942-ല്‍ നാസികളില്‍ ഗില്ലറ്റിന്‍ കൊണ്ട് തലയറുത്ത് കൊലപ്പെടുത്തിയ കത്തോലിക്ക വൈദികന്‍ ഫാ. ജാന്‍ മാച്ചാനേ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. നവംബര്‍ 20ന് തെക്ക്-പടിഞ്ഞാറന്‍ പോളണ്ടിലെ കാടോവിസിലെ ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രലില്‍വെച്ച് വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെല്ലോയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ് ഫാ. ജാന്‍ ഫ്രാന്‍സിസെക് മച്ചായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. നന്മയുള്ളവരോട് വിദ്വേഷംവെച്ചു പുലര്‍ത്തിയ നാസി സമ്പ്രദായത്തിന്റെ ഇരയാണ് ജാന്‍ മാച്ചായെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. വൈദികന്റെ ജീവിതസാക്ഷ്യം സഭാ ചരിത്രത്തിലെ വിശ്വാസത്തിന്റേ ധീരമായ ഏടായിരിക്കുമെന്നു വിശുദ്ധ കുര്‍ബാനക്കിടെ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ പറഞ്ഞു.
1914 ജനുവരി 18ന് പോളണ്ടിലെ സിലേസിയ പ്രവിശ്യയിലെ ചോര്‍സോ സ്റ്റാറി ഗ്രാമത്തിലാണ് ഹാനിക് എന്നറിയപ്പെടുന്ന ജാന്‍ ഫ്രാന്‍സിസേക് (ജോണ്‍ ഫ്രാന്‍സിസ്) ജനിച്ചത്. 1934-ല്‍ അദ്ദേഹം സിലേസിയയിലെ തിയോളജിക്കല്‍ സെമിനാരിയില്‍ ചേര്‍ന്നു. നാസികള്‍ പോളണ്ട് ആക്രമിക്കുന്നതിന് വെറും മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് 1939 ജൂണ്‍ 25-നാണ് കാടോവിസ് അതിരൂപതയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണം. കാടോവിസിനു സമീപമുള്ള റുടാ സ്ലാസ്കായിലെ സെന്റ് ജോസഫ് ദേവാലയത്തിലായിരുന്നു ഫാ. ജാന്‍ മാച്ചായുടെ നിയമനം. പാവപ്പെട്ടവരെ സഹായിക്കുന്ന കോണ്‍വാലിയ (ലില്ലി ഓഫ് ദി വാലി) എന്ന രഹസ്യ സംഘടനയില്‍ അംഗമായിരുന്നു അദ്ദേഹം.
സ്വിറ്റ് (പ്രഭാതം) എന്ന രഹസ്യ വാര്‍ത്താപത്രവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 1941 സെപ്റ്റംബര്‍ 5-നു നാസി ജര്‍മ്മനിയുടെ രഹസ്യ പോലീസായ ഗെസ്റ്റപ്പോ ഫാ. മാച്ചായെ അറസ്റ്റ് ചെയ്യുന്നത്. നിരവധി അപമാനങ്ങള്‍ക്കും ക്രൂരമായ ചോദ്യം ചെയ്യലിനും ശേഷം അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. 1942 ഡിസംബര്‍ 3-ന് കാടോവിസിലെ ജയിലില്‍വെച്ച് അദ്ദേഹത്തെ ഗില്ലറ്റിന്‍ (വധശിക്ഷ നടപ്പിലാക്കുന്നതിനായി ശിരഛേദം ചെയ്യാനുള്ള യന്ത്രം) കൊണ്ട് ശിരഛേദം ചെയ്ത് കൊലപ്പെടുത്തി. കൊല ചെയ്യപ്പെടുമ്പോള്‍ 28 വയസ്സായിരുന്നു അദ്ദേഹത്തിനു പ്രായം. പിന്നീട് മൃതദേഹം എന്ത് ചെയ്തുവെന്ന് പോലും അറിയുവാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ലാണ് ഫാ. ജാന്‍ മച്ചായുടെ നാമകരണ നടപടികള്‍ക്ക് തുടക്കമാവുന്നത്.
2015-ല്‍ രൂപതാതല നടപടികള്‍ പൂര്‍ത്തിയായി. 2020 ഒക്ടോബര്‍ 17-നായിരുന്നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ നീട്ടിവെക്കുകയായിരുന്നു. നാസികളാല്‍ കൊലചെയ്യപ്പെട്ട ആയിരകണക്കിന് കത്തോലിക്ക വൈദീകരില്‍ ഒരാളാണ് ഫാ. ജാന്‍ മച്ചാ. 'ലോകത്തെ ഏറ്റവും വലിയ പുരോഹിതരുടെ സെമിത്തേരി' എന്ന് ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്ന ഡാച്ചാന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ 868 പോളിഷ് വൈദികരെ നാസികള്‍ കൊലപ്പെടുത്തിയിരുന്നു. ഹാനിക് 1257 എന്ന നാടകവും, 2011-ല്‍ പുറത്തിറങ്ങിയ “വിതൌട്ട് വണ്‍ ട്രീ, എ ഫോറസ്റ്റ് വില്‍ സ്റ്റേ എ ഫോറസ്റ്റ്” എന്ന ഡോക്യുമെന്ററി സിനിമയും ഫാ. ജാന്‍ മച്ചായുടെ ജീവതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക