India - 2025

ജെ. ബി കോശി കമ്മീഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു

പ്രവാചകശബ്ദം 22-11-2021 - Monday

കാക്കനാട്: കേരളത്തിലെ ക്രൈസ്തവ വിഭാ​ഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനു സംസ്ഥാന സർക്കാർ നിയമിച്ച ജെ. ബി. കോശി കമ്മീഷൻ സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിലെത്തി മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു. കമ്മീഷൻ അംഗങ്ങളായ ഡോ. ക്രിസ്റ്റി ഫെർണ്ണാണ്ടസ്, ഡോ. ജേക്കബ് പുന്നൂസ്, സെക്രട്ടറി സി. വി. ഫ്രാൻസിസ് (റിട്ട. ജഡ്ജ്) എന്നിവരും ചെയർമാർ ജസ്റ്റിസ് ജെ. ബി. കോശിയോടൊപ്പം ഉണ്ടായിരുന്നു. സീറോമലബാർസഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത്, കൺവീനർ ബിഷപ്പ് തോമസ് തറയിൽ, മെമ്പർ ബിഷപ്പ് ജോസഫ് പാംബ്ലാനി, പറോക് ​ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ബിഷപ്പ് ടോണി നീലങ്കാവിൽ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

കൂടിക്കാഴ്ചയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽവച്ച് സീറോമലബാർസഭയുടെ നിവേദനം മേജർ ആർച്ചുബിഷപ്പിന്റെ സാന്നിധ്യത്തിൽ ആർച്ചു ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ജസ്റ്റിസ് ജെ. ബി. കോശിക്കു സമർപ്പിച്ചു. തൃശൂർ അതിരൂപതയിൽ പ്രവർത്തിക്കുന്ന പറോക്ക് ​ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ​ഗവേഷണ പഠന റിപ്പോർട്ടും കമ്മീഷന് സമർപ്പിച്ചു. കത്തോലിക്കാ കോൺ​ഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു പറയനിലം, ദിവ്യകാരുണ്യ സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സി. ​ഗ്രേസ് പെരുമ്പനാനി, ഡോ. മേരി റെജിന, പ്രഫ. കെ. പി. മാണി, ഫാ. ജയിംസ് കൊക്കാവയലിൽ, ഫാ. സൈജോ തൈക്കാട്ടിൽ, ഫാ. സാജൻ മാറോക്കി, ബിബിൻ അലക്സ് എന്നിവരോടൊപ്പം സഭാകാര്യാലയത്തിലെ വൈദികരും സിസ്റ്റേഴ്സും ചടങ്ങിൽ പങ്കെടുത്തു.

സീറോമലബാർസഭയുടെ നിവേദനം പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. കേരളത്തിലെ രൂപതകളിൽ പറോക് ​ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലും വിവിധ രൂപതകളിൽ നിന്നു ലഭിച്ച വിവരങ്ങളും പ്രാദേശിക പ്രശ്നങ്ങളും പ്രതിസന്ധികളും ശാസ്ത്രീയമായി അപ​ഗ്രഥിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ മേൽനോട്ടത്തിൽ ഡോ. ചാക്കോ കാളാംപറമ്പിൽ, ഡോ. മേരി റെജീന, അഡ്വ. ജോജി ചിറയിൽ, ബിബിൻ അലക്സ്, ഫാ. നോബിൾ പാറയ്ക്കൽ, ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവരാണ് സീറോമലബാർസഭയ്ക്കുവേണ്ടി നിവേദനം തയ്യാറാക്കിയത്.

പറോക് ​ഗവേഷ കേന്ദ്രം സമർപ്പിച്ച പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് കേരളത്തിലെ സീറോമലബാർ രൂപതകളിലെ ഏഴായിരത്തോളം കുടുംബങ്ങളുടെ സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ സ്ഥിതിവിവരകണക്കുകളുടെയും കേരള സർക്കാർ നടത്തിയിട്ടുള്ള കേരള മൈ​ഗ്രേഷൻ സർവേയുടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഫലങ്ങളുടെയും അടിസ്ഥാനത്തിലുമാണ്. ഈ രണ്ട് പഠനങ്ങളും സഭാം​ഗങ്ങളുടെ ആസ്തി, സാമ്പത്തിക നിലവാരം, വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ പങ്കാളിത്തം എന്നിവയിലെ പിന്നോക്കാവസ്ഥയും ഇതു മൂലമുണ്ടായിട്ടുള്ള സാമൂഹ്യ പിന്നോക്കാവസ്ഥയും വെളിപ്പെടുത്തുന്നതാണ്. വിവിധ മേഖലകളിലെ പ്രതിസന്ധികളും പ്രത്യേകിച്ചു ദുർബല വിഭാ​ഗങ്ങളുടെ പ്രശ്നങ്ങളും അവയുടെ പരിഹാര മാർ​ഗങ്ങളും പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Related Articles »