News - 2024
സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി ഇന്നുമുതല്‍
പ്രവാചകശബ്ദം 28-11-2021 - Sunday
കൊച്ചി: സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി ഇന്നുമുതല്‍ നടപ്പിലാക്കുമെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തിന്റെയും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സീറോ മലബാര്‍ സഭയുടെ ഐക്യത്തിലുള്ള വളര്‍ച്ച ലക്ഷ്യമാക്കി സഭയുടെ സിനഡ് ഏകകണ്ഠമായി തീരുമാനമാനമെടുത്ത ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയാണ് ഇന്നു മുതല്‍ നടപ്പാക്കുകയെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.
സിനഡിന്റെ തീരുമാനത്തിനു യാതൊരു മാറ്റവുമില്ല. അത് അതേപടി നിലനില്‍ക്കുന്നു. അതിനാല്‍ ഈ തീരുമാനം എല്ലാവരും നടപ്പിലാക്കണമെന്നും അറിയിക്കുന്നു. തികഞ്ഞ ക്രൈസ്തവ ചൈതന്യത്തിലും സഭാത്മകതയിലും കൂട്ടായ്മയിലും, അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ താത്പര്യങ്ങളും മാറ്റിവച്ചു സിനഡ് തീരുമാനം നടപ്പിലാക്കാന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തു.
സീറോ മലബാര്‍ സഭയില്‍ നവീകരിച്ച കുര്‍ബാനക്രമവും ഏകീകൃത അര്‍പ്പണരീതിയും നിലവില്‍ വരുന്ന ഇന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രാവിലെ 10 നാണ് ദിവ്യബലിയെന്നു സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി അറിയിച്ചു.
ഇതിനിടെ സീറോ മലബാര്‍ സിനഡ് തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതിയില്‍ നിന്നു എറണാകുളംഅങ്കമാലി അതിരൂപതയ്ക്കു പൗരസ്ത്യ കാനന്‍നിയമം 1538 പ്രകാരം ഒഴിവു നല്‍കിയെന്നു മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ പ്രസ്താവിച്ചു. കുര്‍ബാനയര്‍പ്പണം ഏകീകൃതരീതിയിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അജപാലന പ്രശ്നങ്ങള്‍ റോമിലെത്തി, ഫ്രാന്‍സിസ് മാര്‍പാപ്പയെയും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലെയൊനാര്‍ഡോ സാന്ദ്രിയെയും ധരിപ്പിച്ചു. നവീകരിച്ച കുര്‍ബാന തക്സ ഇന്നു മുതല്‍ അതിരൂപതയിലെ എല്ലായിടങ്ങളിലും ഉപയോഗിച്ചു തുടങ്ങണമെന്നും ആര്‍ച്ച്ബിഷപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കി.