News
കാത്തിരിപ്പിന് വിരാമം: ബഹ്റിനിലെ ഔര്‍ ലേഡി ഓഫ് അറേബ്യ ദേവാലയ വെഞ്ചരിപ്പ് ഡിസംബര്‍ 10ന്
പ്രവാചകശബ്ദം 28-11-2021 - Sunday
മനാമ: ഗള്‍ഫിലെ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ബഹ്റിനില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പരിശുദ്ധ കന്യകാ മാതാവിന്റെ നാമധേയത്തിലുള്ള ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ ദേവാലയം ഡിസംബര്‍ 10-ന് കൂദാശ ചെയ്യും. ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയാണ് വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കുക. വെഞ്ചരിപ്പിന്റെ തലേദിവസമായ ഡിസംബര്‍ 9ന് ബഹ്റിന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ ദേവാലയത്തിന്റെ പൊതു ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. രാജാവ് സമ്മാനമായി നല്‍കിയ ഭൂമിയിലാണ് ഒരു പെട്ടകത്തിന്റെ ആകൃതിയില്‍ 2,300-നടുത്ത് ആളുകളെ ഉള്‍കൊള്ളുവാന്‍ ശേഷിയുള്ള ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അന്തരിച്ച വടക്കന്‍ അറേബ്യയുടെ അപ്പസ്തോലിക് വികാര്‍ ആയിരുന്ന കാമിലിയോ ബല്ലിന്‍ മെത്രാന്റെ സ്വപ്നമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്.
പരിശുദ്ധ കന്യകാമാതാവിന്റെ ബഹുവര്‍ണ്ണത്തിലുള്ള രൂപമായിരിക്കും ദേവാലയത്തിലെ പ്രധാന ആകര്‍ഷണം. 2014-ല്‍ നിര്‍മ്മിക്കുവാന്‍ പോകുന്ന ദേവാലയത്തിന്റെ ഒരു ചെറുമാതൃക ബഹ്റിന്‍ രാജാവ് നേരിട്ട് പാപ്പക്ക് സമ്മാനിച്ചിരുന്നു. തലസ്ഥാനമായ മനാമയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ചെറു മുനിസിപ്പാലിറ്റിയായ അവാലിയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ഏതാണ്ട് 95,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു കെട്ടിട സമുച്ചയത്തിന്റെ ഭാഗമായിട്ടാണ് ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിന്റെ നിര്‍മ്മാണം. 2013-ലെ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11-നാണ് ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ നിര്‍മ്മിക്കുവാന്‍ തീരുമാനമാകുന്നതെന്നു ‘സി.എന്‍.എ’യുടെ ഇറ്റാലിയന്‍ ഭാഷാ വിഭാഗമായ എ.സി.ഐ സ്റ്റാംപായുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജാവ് കത്തീഡ്രല്‍ നിര്‍മ്മാണത്തിനായി ഭൂമി നല്‍കി എന്നറിഞ്ഞ ബിഷപ്പ് കാമിലിയോ ബല്ലിന്‍ പുതിയ ദേവാലയം പരിശുദ്ധ കന്യക മാതാവിന്റെ നാമധേയത്തിലായിരിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. 1948-ലാണ് “അറേബ്യയുടെ പരിശുദ്ധ കന്യകാമാതാവ്” എന്ന മാതാവിന്റെ വിശേഷണത്തിന് അംഗീകാരം ലഭിക്കുന്നത്. അതേ വര്‍ഷം ഡിസംബര്‍ 8ന് കുവൈറ്റിലെ അഹ്മദിയില്‍ നിര്‍മ്മിക്കപ്പെട്ട ചെറിയ ചാപ്പല്‍ അറേബ്യയുടെ മാതാവിനായി സമര്‍പ്പിക്കപ്പെട്ടു. 1957-ല്‍ പീയൂസ് പന്ത്രണ്ടാമന്‍ പാപ്പ അറേബ്യയുടെ പരിശുദ്ധ കന്യകാമാതാവിനെ മേഖലയുടേയും കുവൈറ്റ് അപ്പസ്തോലിക വികാരിയത്തിന്റേയും മാധ്യസ്ഥയായി പ്രഖ്യാപിച്ചു കൊണ്ട് ഡിക്രീ പുറത്തുവിട്ടിരുന്നു.
2011-ലാണ് വത്തിക്കാന്‍ അറേബ്യയുടെ പരിശുദ്ധ കന്യകാമാതാവിനെ കുവൈറ്റ് വികാരിയത്തിന്റേയും അറേബ്യയുടേയും മധ്യസ്ഥ വിശുദ്ധയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഏതാണ്ട് 80,000-ത്തോളം കത്തോലിക്കരാണ് ബഹ്റിനില്‍ ഉള്ളത്. ഇതില്‍ നല്ലൊരു ശതമാനവും ഫിലിപ്പീന്‍സ്, ഇന്ത്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പുതിയ ദേവാലയത്തിന്റെ കൂദാശയ്ക്കായി പ്രാര്‍ത്ഥനാപൂര്‍വ്വം തയാറെടുക്കുകയാണ് വിശ്വാസി സമൂഹം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക