News - 2024
നൈജീരിയയില്‍ വീണ്ടും ക്രൈസ്തവരെ ലക്ഷ്യംവെച്ച് തീവ്രവാദികളുടെ ആക്രമണം: 10 പേർ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 29-11-2021 - Monday
പ്ലേറ്റോ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തുളള താഗ്ബേ ഗ്രാമത്തിൽ മുസ്ലിം ഫുലാനി തീവ്രവാദികൾ ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. നൂറോളം ഭവനങ്ങളും തീവ്രവാദികൾ അഗ്നിക്കിരയാക്കി. അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ച് കറുത്ത വസ്ത്രം ധരിച്ച് ആയുധങ്ങളുമായിട്ടാണ് ഫുലാനികൾ എത്തിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരിഗ്വേ യൂത്ത് മൂവ്മെന്റ് എന്ന സംഘടനയുടെ അധ്യക്ഷൻ പ്ലേറ്റോ സംസ്ഥാനത്ത് നടന്ന അക്രമണം സ്ഥിരീകരിച്ചു. അക്രമണത്തിൽ പേരക്കുട്ടികൾ കൊല്ലപ്പെട്ടെന്ന് മിയാംഗോ ജില്ലയിലെ ഒരാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിബി ഗാരാ എന്നൊരാൾ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു.
ഗരാ കു (80), വിയെ ഗര (67), തല ഗര (68), റിക്വ ബാലയോ (65), തബിത ദൻലാമി (8), സിബി ദൻലാമി (4), ഫ്രൈഡേ മൂസ (35), ഡാനിയേൽ മണ്ടി (45), മ്വേരി ചോഗോ (86), അയോ ബാലായി (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ആറ് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. അക്രമത്തെ തുടര്‍ന്നു 690 ആളുകളെ താൽക്കാലിക സ്ഥലങ്ങളിലേക്ക് മാറ്റേണ്ടതായി വന്നിട്ടുണ്ട്. മിയാംഗോ ജില്ലയിൽ അഞ്ച് മാസത്തിലേറെയായി സേവനം ചെയ്തിട്ടുണ്ടെന്നും, ഇതിനിടയിൽ ഫുലാനികളുടെ ആക്രമണത്തിന് ഇരയായ 40നും 50നും ഇടയിൽ ആളുകൾക്ക് വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും മിയാംഗോ, കാൾ ജില്ലകളിലെ ഏക ഡോക്ടർ ഇബ്രാഹിം അമുർ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു. ഇതിൽ കൂടുതലും ഇരിഗ്വേ വിഭാഗത്തിൽപ്പെട്ട ക്രൈസ്തവ വിശ്വാസികളായിരുന്നു.
ഹോസ്പിറ്റലിലെ ചികിത്സാ ചെലവ് നൽകാൻ പോലും പ്രാപ്തിയില്ലാത്ത ഇവർക്ക് ക്രൈസ്തവ സമൂഹവും, വിവിധ സർക്കാർ സർക്കാരിതര സംഘടനകളുമാണ് സഹായം നൽകി വന്നിരുന്നത്. ആശുപത്രിയിലേക്ക് കൂടുതൽ മരുന്നുകൾ നൽകാൻ തയ്യാറാകണമെന്ന് സർക്കാരിതര സംഘടനകളോട് ഡോക്ടർ ഇബ്രാഹിം അഭ്യർത്ഥിച്ചു. കൂടാതെ അക്രമങ്ങളുടെയും, ദാരിദ്ര്യത്തിന്റെയും ഇരകളെ സഹായിക്കാൻ ആളുകൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫുലാനികള്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്നു ക്രൈസ്തവര്‍ അതികഠിനമായ സഹനങ്ങളിലൂടെ കടന്നുപോകുന്ന രാജ്യമാണ് നൈജീരിയ.