India - 2025
ക്രിസ്ത്യന്‍ വിവാഹ രജിസ്‌ട്രേഷന്‍ ബില്ലിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്ന്‍ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍
പ്രവാചകശബ്ദം 01-12-2021 - Wednesday
ചങ്ങനാശേരി: നിയമ പരിഷ്‌കരണ കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്ന ക്രിസ്ത്യന്‍ വിവാഹ രജിസ്‌ട്രേഷന്‍ ബില്ല് 2020 ഉയര്‍ത്തുന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. 2008ലെ പൊതു രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ എല്ലാവര്‍ക്കും ബാധകമായിരിക്കെ ക്രൈസ്തവര്‍ക്ക് മാത്രമായി നിയമം നിര്‍മ്മിക്കുന്ന സാഹചര്യം സംശയമുണര്‍ത്തുന്നതാണ്. ക്രൈസ്തവ സഭകളുടെ വ്യക്തി നിയമങ്ങള്‍ മാനിക്കാതെ സിവില്‍ വിവാഹം ക്രിസ്തീയാചാരപ്രകാരം നടത്തിക്കൊടുക്കണമെന്ന നിയമം അസ്വീകാര്യമാണ്.
ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ വിവാഹത്തിന്റെ കൗദാശികതയും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും നിഷേധിക്കുന്ന ബില്ല് നടപ്പാക്കരുതെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പുതിയ ബില്ലിന്റെ ഡ്രാഫ്റ്റും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. വിവാഹത്തെപ്പറ്റിയുള്ള പുതിയ ബില്ലിനെ അധികരിച്ച് റവ. ഡോ. ജോര്‍ജ് തെക്കേക്കര പ്രബന്ധം അവതരിപ്പിച്ചു.