India - 2025
കന്യാസ്ത്രീകളില്‍ നിന്നും വൈദികരില്‍ നിന്നും നികുതി ഈടാക്കേണ്ടതില്ലെന്ന് ട്രഷറി ഡയറക്ടര്‍
പ്രവാചകശബ്ദം 28-11-2021 - Sunday
തിരുവനന്തപുരം: കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളം, പെന്‍ഷന്‍ എന്നീ വരുമാനങ്ങളില്‍ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ആദായ നികുതി ഈടാക്കേണ്ടതില്ലെന്ന് ട്രഷറി ഡയറക്ടറുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ടു സ്റ്റാറ്റസ് കോ നിലനിര്‍ത്തണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ആദായനികുതി ഈടാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ട്രഷറി ഓഫീസര്‍മാര്‍ക്കുള്ള സര്‍ക്കുലറില്‍ ട്രഷറി ഡയറക്ടര്‍ നിര്‍ദേശിച്ചത്.
ട്രഷറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ ഓഫിസര്‍മാര്‍, സബ്ട്രഷറി ഓഫിസര്‍മാര്‍ എന്നിവര്‍ക്കാണു നിര്‍ദേശം നല്‍കിയത്. കന്യാസ്ത്രീകളും വൈദികരും സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നവരാണെങ്കില്‍ അവര്‍ നികുതി നല്‍കണമെന്ന് 2014ല്‍ കേന്ദ്ര ആദായ നികുതി വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍, നികുതി ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനെതിരെ ഇവര്‍ സൂപ്രീം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് നവംബര്‍ 12ന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനു മുന്‍പുള്ള സ്റ്റാറ്റസ് കോ നിലനിര്‍ത്താനാണു നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രഷറി ഡയറക്ടര്‍ ഇപ്പോഴത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയത്.