Seasonal Reflections - 2025
ജോസഫ്: മാനുഷിക ബന്ധങ്ങളുടെ കാവൽക്കാരൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 02-12-2021 - Thursday
2021 നവംബർ മാസം ഇരുപത്തിനാലാം തീയതിയിലെ ജനറൽ ഓഡിയൻസിലെ വേദോപദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കുവെച്ച വിഷയം രക്ഷാകര പദ്ധതിയിലുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ പങ്കാളിത്തമായിരുന്നു. സുവിശേഷങ്ങളിൽ ഈശോയെ ജോസഫിൻ്റെ മകനായും (ലൂക്കാ: 3: 23 ) തച്ചൻ്റെ മകനായും (മത്താ 13:15) രേഖപ്പെടുത്തിയിരിക്കുന്നു. മനുഷ്യ ചരിത്രത്തിലേക്കു ദൈവപുത്രൻ കടന്നു വരാൻ മാർഗ്ഗമായി സ്വീകരിക്കുന്നത് മാനുഷിക ബന്ധങ്ങളാണ് .
സുവിശേഷത്തിലെ യൗസേപ്പിതാവിന്റെ കഥയിൽ മാനുഷിക ബന്ധങ്ങളുടെ പ്രാധാന്യത്തിൻ്റെ വ്യക്തമായ സൂചന നൽകുന്നു. സുവിശേഷത്തിൽ ഈശോയുടെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നത് ദൈവശാസ്ത്രപരമായ കാരണത്തിനു പുറമേ നമ്മുടെ ജീവിതം നമുക്കു മുമ്പും പിമ്പുമുള്ള ബന്ധങ്ങളാൽ നെയ്തെടുക്കപ്പെടുന്നതാണ് എന്നു പഠിപ്പിക്കാനുമാണന്നു പാപ്പ പഠിപ്പിക്കുന്നു. ദൈവപുത്രനും ലോകത്തിലേക്കു വന്നപ്പോൾ ബന്ധങ്ങളുടെ ഈ പാതയാണ് തിരഞ്ഞെടുത്തത്. മായാജാലത്തിൻ്റെ വഴിയല്ല ഏതൊരു മനുഷ്യനെയും പോലെ ചരിത്രത്തിൻ്റെ സരണി തന്നെയാണ് അവൻ തിരഞ്ഞെടുത്തത്.
ജീവിതത്തിൽ അർത്ഥവത്തായ ബന്ധങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അനേകം വ്യക്തികളുടെ വേദന അനുസ്മരിച്ചു കൊണ്ടാണ് പാപ്പ നവംബർ 24 ലെ വിചിന്തനങ്ങൾ അവസാനിപ്പിച്ചത് .ഏകാന്തത അനുഭവപ്പെടുന്നവർക്ക് മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും മായി വിശുദ്ധ യൗസേപ്പിതാവിനെ പാപ്പ അവതരിപ്പിക്കുന്നു. അവനിൽ ഒരു ബന്ധുവിനെയും സുഹൃത്തിനെയും സഹായിയെയും കണ്ടെത്താൻ അവരെയും നമ്മളെയും സഹായിക്കുന്ന ഒരു പ്രാർത്ഥനയോടെയാണ് വേദോപദേശം പാപ്പ അവസാനിപ്പിച്ചത്.
വിശുദ്ധ യൗസേപ്പിതാവേ, മറിയവും ഈശോയുമായുള്ള ബന്ധം കാത്തുസൂക്ഷിച്ച നീ ഞങ്ങളുടെ ജീവിതത്തിലെ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ ഞങ്ങളെ സഹായിക്കണമേ. ഏകാന്തതയിൽ നിന്നു വരുന്ന ശ്യൂനതാബോധം ആരും അനുഭവിക്കാൻ ഇടയാക്കരുതേ. ഞങ്ങൾ ഓരോരുത്തരും ഞങ്ങളുടെയും ഞങ്ങൾക്കു മുമ്പേ കടന്നു പോയവരുടെ ചരിത്രവുമായി പൊരുത്തപ്പെടുവാനും അവരുടെ തെറ്റുകളിൽ പോലും ദൈവപരിപാലനയുടെ വഴി മനസ്സിലാക്കുവാനും ഞങ്ങളെ പഠിപ്പിക്കുകയും തിന്മയ്ക്കു ജീവിതത്തിൽ അവസാന വാക്കില്ല എന്നു തിരിച്ചറിയുവാനും ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ.
ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവർക്കു നീ ഒരു സുഹൃത്തായിരിക്കയും ബുദ്ധിമുട്ടുനിറത്ത സമയങ്ങളിൽ മറിയത്തെയും ഈശോയെയും നീ സഹായിച്ചതു പോലെ ഞങ്ങളുടെ യാത്രയിലും ഞങ്ങൾക്കു നീ തുണയായിരിക്കുകയും ചെയ്യണമേ. ആമ്മേൻ.