News

ക്രൈസ്തവ വിരുദ്ധ പീഡനം കണ്ടില്ലെന്ന് നടിച്ചു: ബ്ലാക്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ യു‌എസ് നടപടിയ്ക്കെതിരെ നൈജീരിയന്‍ മെത്രാന്‍

പ്രവാചകശബ്ദം 04-12-2021 - Saturday

അബൂജ: ലോകത്തെ മതസ്വാതന്ത്ര്യ ലംഘകരായി അമേരിക്ക പരിഗണിക്കുന്ന രാഷ്ട്രങ്ങളുടെ വാര്‍ഷിക പട്ടികയില്‍ നിന്നും ക്രൈസ്തവരുടെ കുരുതിക്കളമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നൈജീരിയയെ ഒഴിവാക്കിയ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടപടിക്കെതിരെ നൈജീരിയന്‍ മെത്രാന്‍. നൈജീരിയയിലെ ഓയോ രൂപത മെത്രാന്‍ ഇമ്മാനുവല്‍ അഡെട്ടോയീസ് ബാദേജോയാണ് അമേരിക്കന്‍ നിലപാടില്‍ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. നൈജീരിയയെ പട്ടികയില്‍ നിന്നു ഒഴിവാക്കിയ നടപടി തന്നെ അമ്പരിപ്പിച്ചുവെന്നു ബിഷപ്പ് ബാദേജോ പറഞ്ഞു. ഇസ്ലാമിക തീവ്രവാദികള്‍ വടക്ക്-കിഴക്കന്‍ നൈജീരിയയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും ക്രൈസ്തവ വിദ്യാര്‍ത്ഥികളേയും, വിശ്വാസികളേയും തട്ടിക്കൊണ്ടുപോകുന്ന പ്രവണത കഴിഞ്ഞ വര്‍ഷം മുതലാണ് വര്‍ദ്ധിച്ചിരിക്കുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ പ്രത്യേകം നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ വിഭാഗത്തിലായിരുന്നു നൈജീരിയയുടെ സ്ഥാനം. ക്രൈസ്തവരെ ഉന്മൂലനം ചെയ്യുന്നതിന് പുറമേ, ദേവാലയങ്ങള്‍, പള്ളിമേടകള്‍, സ്കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി സഭയുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ നശിപ്പിക്കുന്നതും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിനുള്ള മറ്റൊരു തന്ത്രമായി മാറിയിരിക്കുകയാണെന്ന്‍ സൊകോട്ടോ രൂപതാധ്യക്ഷന്‍ ഹസ്സന്‍ മാത്യു കുക്ക പറഞ്ഞിട്ടുള്ളതും ബിഷപ്പ് ആവര്‍ത്തിച്ചു.

മൈദുഗുരി, യോള തുടങ്ങിയ രൂപതകളിലെ വൈദികര്‍ക്ക് തങ്ങളുടെ ഇടവകകള്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും ഈ സാഹചര്യം രാജ്യത്തിന്റെ വടക്കന്‍-മധ്യ ഭാഗങ്ങളിലേക്കും, വടക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും മെത്രാന്‍ പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുക, നിര്‍ബന്ധിത വിവാഹത്തിന് ഇരയാക്കുക, ക്രൈസ്തവരെ ഒഴിവാക്കിക്കൊണ്ടുള്ള നയങ്ങളുടെയും ക്ഷേമപദ്ധതികളുടെയും പ്രഖ്യാപനം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങി ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങളുടെ വ്യാപ്തി കൂടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന്റെയെല്ലാം പിന്നില്‍ ഇസ്ലാമിക തീവ്രവാദമാണെന്ന് സമ്മതിക്കുവാന്‍ പോലും നൈജീരിയന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഫുലാനികള്‍ക്കും, ബൊക്കോ ഹറാമിനും എതിരെ ഫെഡറല്‍ സര്‍ക്കാര്‍ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നും ബിഷപ്പ് ബാദേജോ ആരോപിച്ചു. രാഷ്ട്രതാല്‍പ്പര്യവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നയങ്ങളിലെ പൊരുത്തക്കേടുകളേയും ബിഷപ്പ് വിമര്‍ശിച്ചു. ബാദേജോ മെത്രാന് പുറമേ നിരവധി ക്രിസ്ത്യന്‍ സംഘടനകളാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. 'വേദനാജനകവും, വിവരണാതീതവും' എന്നാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യു.എസ് കമ്മീഷന്‍ (യു.എസ്.ഐ.ആര്‍.സി) നടപടിയെ വിശേഷിപ്പിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ നരഹത്യ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 718