News

മതം മാറ്റ നിരോധന നിയമത്തില്‍ കർണാടകയിൽ നിശബ്ദ പ്രതിഷേധവുമായി ക്രൈസ്തവര്‍: ആശങ്ക ആവര്‍ത്തിച്ച് ബെംഗളൂരു ആർച്ച് ബിഷപ്പ്

പ്രവാചകശബ്ദം 06-12-2021 - Monday

ബെംഗളൂരു: മതം മാറ്റ നിരോധന നിയമം പ്രാബല്യത്തിലുള്ള സംസ്ഥാനങ്ങളിൽ കഴിയുന്നവര്‍ക്ക് നേരെയുള്ള അക്രമസംഭവങ്ങൾ വർദ്ധിച്ചു വരുന്ന പ്രവണതയാണ് കാണാൻ സാധിക്കുന്നതെന്ന് ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. കർണാടകയിൽ ബിജെപി സർക്കാർ പാസാക്കാൻ ശ്രമിക്കുന്ന മതം മാറ്റ നിരോധന നിയമത്തിനെതിരെ ശനിയാഴ്ച സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ ക്രൈസ്തവ വിശ്വാസികൾ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1967ൽ മതം മാറ്റ നിരോധന നിയമം പാസാക്കിയ ഒഡീഷ സംസ്ഥാനത്ത് ക്രൈസ്തവരെ ലക്ഷ്യംവെച്ച് 1970കളിൽ അക്രമസംഭവങ്ങൾക്ക് തുടക്കമായെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

2008ൽ നടന്ന കാണ്ഡമാൽ കലാപത്തെ പറ്റിയും അദ്ദേഹം പരാമർശിച്ചു. ഇതിനുശേഷം ആറ് സംസ്ഥാനങ്ങളിൽ സമാനമായ ജനാധിപത്യവിരുദ്ധ നിയമം പാസാക്കി. ബില്ലിന്റെ കരട് ഡിസംബർ പന്ത്രണ്ടാം തീയതി സഭയിൽ അവതരിപ്പിക്കുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടയിൽ ജനങ്ങളുമായി വിഷയത്തെപ്പറ്റി ചർച്ച നടത്താൻ എങ്ങനെയാണ് സമയം ലഭിക്കുകയെന്ന് ആർച്ച് ബിഷപ്പ് ചോദിച്ചു. നിർബന്ധിത മതപരിവർത്തനം ക്രൈസ്തവർ നടത്തുന്നുണ്ട് എന്നത് ഊതിവീർപ്പിച്ച ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ബിജെപി നേതാക്കന്മാർ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണ് പഠിച്ചത്. അവരിൽ പലരും ചികിത്സ തേടുന്നതും ക്രൈസ്തവർ നടത്തുന്ന ആശുപത്രികളിലാണ്. അവിടെയൊന്നും ആരെയും നിർബന്ധിച്ച് മതം മാറ്റിയിട്ടില്ല. തന്റെ അമ്മ ഉൾപ്പെടെ 15000 മുതൽ 20000 വരെയുള്ള ആളുകൾ ഹോസൂർ മണ്ഡലത്തിൽ മതം മാറിയെന്ന് ഗൂലിഹാത്തി ശേഖർ എന്ന ബിജെപി എംഎൽഎ ആരോപണമുന്നയിച്ചത് താലൂക്ക് അധികൃതർ നടത്തിയ അന്വേഷണത്തിൽ വ്യാജമാണെന്ന് തെളിഞ്ഞ സംഭവവും പീറ്റർ മച്ചാഡോ വിവരിച്ചു.

വലിയൊരു മതംമാറ്റം ബിജെപി എംഎൽഎയും മറ്റുള്ളവരും ആരോപിക്കുന്നതുപോലെ നടക്കുന്നുണ്ടായിരുന്നെങ്കിൽ ക്രൈസ്തവരുടെ എണ്ണം വർദ്ധിക്കുമായിരുന്നു. 2001ൽ 2.34 ശതമാനമായിരുന്ന ക്രൈസ്തവ ജനസംഖ്യ 2011 ആയപ്പോഴേക്കും 2.3 ആയി ചുരുങ്ങുകയാണുണ്ടായത്. അതേപോലെതന്നെ 2001ൽ 1.91 ശതമാനം ഉണ്ടായിരുന്ന കർണാടകയിലെ ക്രൈസ്തവരുടെ ജനസംഖ്യ 2011ൽ 1.87 ആയി കുറഞ്ഞുവെന്ന് ആർച്ചുബിഷപ്പ് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവരിച്ചു. ഓൾ കർണാടക യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ വൈദികരും സന്യസ്ഥരും വിശ്വാസികളും അടക്കം നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »