India - 2025

ഫാ. ബ്രൂണോ കണിയാരകത്ത് സിഎംഐയുടെ ദൈവദാസപദവി പ്രഖ്യാപനം ഇന്ന്

15-12-2021 - Wednesday

കുറവിലങ്ങാട്: ലളിതജീവിതത്തിലൂടെ നാടിന്റെ ഹൃദയത്തില്‍ ഇടംനേടിയതോടെ ആത്മാവച്ചനെന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ഫാ. ബ്രൂണോ കണിയാരകത്ത് സിഎംഐയുടെ ദൈവദാസപദവി പ്രഖ്യാപനം ഇന്ന് കുര്യനാട് സെന്റ് ആന്‍സ് ആശ്രമദേവാലയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള സമൂഹബലിമധ്യേ ദൈവദാസപദവി പ്രഖ്യാപനം നടക്കും. പാലാ രൂപത ചാന്‍സലര്‍ റവ.ഡോ. ജോസ് കാക്കല്ലില്‍ ദൈവദാസപദവി പ്രഖ്യാപനത്തിന്റെ കല്പന വായിക്കും.

സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ. തോമസ് ചാത്തംപറന്പില്‍, പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പ റന്പില്‍, സിഎംഐ സെന്റ് ജോസഫ് പ്രവിശ്യാ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോര്‍ജ് ഇടയാടിയില്‍, ആത്മാവച്ചന്റെ കുടുംബാംഗവും ജഗദല്‍പ്പുര്‍ സിഎംഐ പ്രവിശ്യാ പ്രൊവിന്‍ഷ്യാളുമായ റവ.ഡോ. തോമസ് വടക്കുംകര, കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടനകേന്ദ്രം ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, സെന്റ് ആന്‍സ് ആശ്രമം പ്രിയോര്‍ ഫാ. ടോം മാത്തശേരില്‍ സിഎംഐ എന്നിവര്‍ സഹകാര്‍മികരാകും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് ആത്മാവച്ചന്റെ കബറിടത്തിങ്കല്‍ അനുസ്മരണ പ്രാര്‍ത്ഥനകള്‍ നടക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന്. തിരുക്കര്‍മങ്ങളുടെ തത്സമയസംപ്രേഷണവും ഒരുക്കിയിട്ടുണ്ട്.

More Archives >>

Page 1 of 433