India - 2025
3 മണിക്കൂറില്‍ ബൈബിള്‍ മുഴുവന്‍ പകര്‍ത്തി ലൂര്‍ദുപുരം ഇടവക
ദീപക് ദാസ് 18-12-2021 - Saturday
പുല്ലുവിള: വെറും 3 മണിക്കൂറില്‍ ബൈബിള്‍ മുഴുവന്‍ പകര്‍ത്തി എഴുതാനാവുമോ? പുല്ലുവിള ഫെറോനയിലെ ലൂര്‍ദുപുരം ഇടവകയില്‍ അതു സാധിച്ചിരിക്കുന്നു. ബൈബിള്‍ മാസാചരണത്തിന്റെ ഭാഗമായി 356 വിശ്വാസികള്‍ ചേര്‍ന്നാണ് 3 മണിക്കൂറിനുള്ളില്‍ ബൈബിളിലെ പഴയനിയമവും പുതിയനിയമവും ഉള്‍പ്പെടെ പകര്‍ത്തി എഴുതി പൂര്‍ത്തിയാക്കിയത്. 2021 ഡിസംബര്‍ 12ന് ഉച്ചയ്‌ക്ക് 2 മുതല്‍ 5 വരെയായിരുന്നു പരിപാടി. കോവിഡിനെ ചുവടുപിടിച്ചു വന്ന ലോക്‌ഡൗണില്‍ ഒട്ടേറെ പേര്‍ ബൈബിള്‍ പകര്‍ത്തി എഴുതിയിരുന്നു. ഇതില്‍ നിന്നാണ് 3 മണിക്കൂറില്‍ ബൈബിള്‍ പകര്‍ത്തി എഴുതുക എന്ന ആശയം ലഭിച്ചതെന്ന് സംഘാടകര്‍ പറയുന്നു.
ബൈബിള്‍ പകര്‍ത്തി എഴുതാനെത്തിയവര്‍ക്കായി ദേവാലയത്തില്‍ 15 മിനിട്ട് ആരാധന നടത്തി. തുടര്‍ന്നു നടത്തിയ ലഘു സമ്മേളനം പുല്ലുവിള ഫെറോന വികാരി ഫാ. സില്‍വസ്റ്റര്‍ കുരിശ് ഉദ്‌ഘാടനം ചെയ്‌തു. അതിരൂപതയില്‍ തന്നെ പ്രഥമ സംരംഭമാണിതെന്നു കരുതുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനു നേതൃത്വം നല്‍കിയ ഇടവകയെയും സംഘാടകരെയും അദ്ദേഹം അഭിനന്ദിച്ചു. ഇടവക വികാരി ഫാ. പ്രദീപ് ജോസഫ് അധ്യക്ഷനായി. ഫെറോന മതബോധന സമിതി വൈദീക കോ ഓര്‍ഡിനേറ്റര്‍ ഫാ. ഡാനിയേല്‍, മതബോധന ഹെഡ്‌മാസ്റ്റര്‍ എ.എം. അനില്‍കുമാര്‍ (അനില്‍ സര്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് എഴുതാന്‍ അണിനിരന്നവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. പിന്നീടാണ് എഴുതിത്തുടങ്ങിയത്. എഴുതാനായി തിരഞ്ഞെടുത്തവര്‍ക്ക് പകര്‍ത്തേണ്ട ഭാഗങ്ങള്‍ മുന്‍കൂട്ടി നല്‍കുകയും അവരെക്കൊണ്ട് ട്രയല്‍ എഴുതിക്കുകയും ചെയ്‌തിരുന്നു. രണ്ടര മണിക്കൂര്‍ ആയപ്പോഴേക്കും അവര്‍ക്കു നല്‍കിയ ഭാഗം എഴുതി പൂര്‍ത്തിയാക്കിയവര്‍ ഒട്ടേറെയാണ്. മൂന്നു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ ഭൂരിഭാഗവും എഴുതിത്തീര്‍ത്തു. ചിലര്‍ കുറച്ചു സമയം കൂടിയെടുത്തു. 3 മണിക്കൂറില്‍ ബൈബിള്‍ പകര്‍ത്തി എഴുതുക എന്നത് ഇതുവരെ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണ്. അതിനാല്‍ തന്നെ ഇതു ചരിത്രവുമാണ്. ചെറിയൊരു ചരിത്രം രചിക്കാനായതില്‍ ലൂര്‍ദുപുരം ഇടവക വിശ്വാസികള്‍ അക്ഷരാര്‍ഥത്തില്‍ സന്തോഷത്തിലാണ്.
ബൈബിള്‍ മാസാചരണത്തില്‍ ബൈബിളുമായി ബന്ധപ്പെട്ട് വേറെയും പരിപാടികള്‍ നടത്തുന്നുണ്ട്. ദിവസവും ദിവ്യബലിക്കു മുന്‍പേയുള്ള ബൈബിള്‍ പാരായണവും ലോഗോസ് ക്വിസിനുള്ള ഒരുക്കങ്ങളും ഇതിന്റെ ഭാഗമാണ്. 26ന് ബൈബിളിലെ സംഭവങ്ങള്‍ കോര്‍ത്തിണക്കി പ്രദര്‍ശനം നടത്തുന്നുണ്ട്. ഒരു വീട്ടില്‍ ഒരു ബൈബിള്‍ എന്നല്ല, അക്ഷരം അറിയാവുന്ന എല്ലാവര്‍ക്കും ഒരു ബൈബിള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സമ്പൂര്‍ണ ബൈബിള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.