India - 2025
ജെ.ബി.കോശി കമ്മീഷനെ മാര്‍ ജോസഫ് പെരുന്തോട്ടം സന്ദര്‍ശിച്ചു
പ്രവാചകശബ്ദം 24-12-2021 - Friday
ചമ്പക്കുളം: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് റിട്ട. ജെ.ബി.കോശി കമ്മീഷന്റെ കുട്ടനാടിന് വേണ്ടിയുള്ള സിറ്റിംഗ് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയില്‍ ഡിസം. 22 ബുധനാഴ്ച നടത്തപ്പെട്ടു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് റിട്ട. ജെ.ബി.കോശിക്കൊപ്പം അംഗങ്ങളായ ജേക്കബ് പുന്നൂസ് ഐപിഎസ്, ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസ്, സെക്രട്ടറി റിട്ട. ജഡ്ജ് സി. വി. ഫ്രാന്‍സിസ് എന്നിവര്‍ ഹാജരായിരുന്നു. കുട്ടനാടിനു വേണ്ടിയുള്ള ചങ്ങനാശേരി അതിരൂപതയുടെ സംരംഭമായ ക്രിസ് (KRISS) സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടനാട്ടിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച നിവേദനങ്ങള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ചമ്പക്കുളത്ത് എത്തി കമ്മീഷനെ സന്ദര്‍ശിക്കുകയും ക്രൈസ്തവ സമുദായം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, ബസലിക്ക റെക്ടര്‍ ഫാ. ഗ്രിഗറി ഓണംകുളം, വൈദിക അത്മായ പ്രതിനിധികള്‍ എന്നിവര്‍ മെത്രാപ്പോലിത്തായോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.