Life In Christ - 2024

നമ്മുടെ ബലഹീനതയ്ക്ക് മുന്നിൽ കർത്താവ് പിന്മാറുന്നില്ല, മറിച്ച് സമീപസ്ഥനാണ്: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 03-01-2022 - Monday

വത്തിക്കാന്‍ സിറ്റി: നമ്മുടെ ബലഹീനതയ്ക്ക് മുന്നിൽ കർത്താവ് പിന്മാറുന്നില്ലായെന്നും മറിച്ച് സമീപസ്ഥനാകുകയാണെന്ന് ഫ്രാന്‍സിസ് പാപ്പ. പുതുവത്സരത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. എന്തിനാണ് ദൈവം ഇങ്ങനെ ചെയ്യുന്നത്? എന്തുകൊണ്ടാണ് അവിടുന്ന് നമ്മുടെ അടുത്തേക്ക് വരുന്നത്? അവനിൽ നിന്ന്, നിത്യതയിൽ നിന്ന്, പ്രകാശത്തില്‍ നിന്ന് അകന്നുപോയാൽ നാം വഴിതെറ്റിപ്പോകും എന്ന യാഥാർത്ഥ്യത്തോട് അടിയറവു പറയാൻ തയ്യാറല്ലാത്തതുകൊണ്ടാണ് അവിടുന്ന് ഇത് ചെയ്യുന്നതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

ഇതാണ് ദൈവത്തിൻറെ പ്രവൃത്തി: നമ്മുടെ ഇടയിലേക്ക് ആഗതനാകുക. നാം നമ്മെത്തന്നെ അയോഗ്യരായി കണക്കാക്കിയാലും അത് അവിടുത്തെ തടയില്ല, അവിടുന്ന് വരുന്നു. നാം അവിടുത്തെ നിരസിച്ചാലും നമ്മെ തേടുന്നതിൽ അവിടന്ന് ഒരിക്കലും തളരില്ല. അവിടുത്തെ സ്വീകരിക്കാൻ നാം തയ്യാറല്ലെങ്കിലും അവിടുന്ന് വരാൻ ഇഷ്ടപ്പെടുന്നു. നാം അവിടുത്തെ മുന്നിൽ വാതിൽ കൊട്ടിയടച്ചാലും അവിടുന്ന് നമ്മെ കാത്തിരിക്കും. അവൻ നല്ല ഇടയൻ തന്നെയാണ്. നമ്മുടെ ജീവിതത്തിൽ പങ്കുചേരാൻ വചനം മാംസമായി, നാം എവിടെയായിരിക്കുന്നുവോ അവിടെ, നമ്മുടെ പ്രശ്നങ്ങളിൽ, നമ്മുടെ ദുരിതങ്ങളിൽ, നമ്മെ അന്വേഷിച്ചുവരുന്ന നല്ല ഇടയനാണ് യേശു.

പ്രിയ സഹോദരീസഹോദരന്മാരേ, മറ്റ് കാരണങ്ങളാൽ നാം ദൈവത്തിന് യോഗ്യരല്ലെന്ന് കരുതുന്നതിനാൽ നാം പലപ്പോഴും ദൈവത്തിൽ നിന്ന് അകലം പാലിക്കുന്നു. എന്നാൽ അവിടത്തെ വീക്ഷണകോണിൽ നിന്ന് കാര്യങ്ങളെ കാണാൻ തിരുപ്പിറവി നമ്മെ ക്ഷണിക്കുന്നു. ദൈവം മാംസം ധരിക്കാൻ അഭിലഷിക്കുന്നു. നിൻറെ ഹൃദയം തിന്മയാൽ മലിനമായതായി തോന്നുന്നുവെങ്കിൽ, അത് ക്രമരഹിതമാണെന്ന് തോന്നുന്നുവെങ്കിൽ, നീ ഭയപ്പെടരുത്: അവൻ വരുന്നു. ബെത്‌ലഹേമിലെ കാലിത്തൊഴുത്തിനെക്കുറിച്ച് ചിന്തിക്കുക. അവിടെയാണ്, ആ ദാരിദ്ര്യത്തിലാണ് യേശു ജനിച്ചത്. അത്, നിങ്ങളുടെ ഹൃദയം സന്ദർശിക്കാനും ദുസ്സഹജീവിതത്തിൽ അധിവസിക്കാനും, തീർച്ചയായും അവൻ ഭയപ്പെടുന്നില്ലെന്ന് നിങ്ങളോട് പറയാനാണ്.

ഞാൻ എന്നോടും നിങ്ങളോടും എല്ലാവരോടും ചോദിക്കുന്നു: അവിടുത്തേക്ക് ഇടം നല്കാൻ നാം ആഗ്രഹിക്കുന്നുണ്ടോ? വാക്കു കൊണ്ട് അതെ; “ഞാൻ തയ്യാറല്ല” എന്ന് ആരും പറയില്ല. എന്നാൽ പ്രായോഗിക ജീവിതത്തിലോ? ഒരുപക്ഷേ, നമുക്കുവേണ്ടി മാത്രമായി നാം സൂക്ഷിച്ചുവയ്ക്കുന്ന ചില പ്രത്യേക ജീവിത വശങ്ങൾ, അല്ലെങ്കിൽ സുവിശേഷം കടന്നുവരുമെന്ന് നാം ഭയപ്പെടുന്നതും ദൈവത്തെ ഇടയ്ക്കു നിറുത്താൻ നാം ആഗ്രഹിക്കാത്തതുമായ ആന്തരിക ഇടങ്ങൾ ഉണ്ടായെന്നുവരാം. "ദൈവം ഇഷ്ടപ്പെടുന്നില്ല" എന്ന് ഞാൻ കരുതന്ന ആന്തരിക കാര്യങ്ങൾ എന്തൊക്കെയാണ്? "എനിക്കായി മാത്രം ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നതും ദൈവം വരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നതുമായ സ്ഥലം ഏതാണ്?" നമ്മൾ ഓരോരുത്തരും യാഥാർത്ഥ്യബോധത്തോടെ ഇതിനോട് പ്രത്യുത്തരം നല്‍കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 70