Life In Christ - 2024

സ്നേഹവും പിന്തുണയും കൊണ്ടുമാണ് പിടിച്ചുനില്‍ക്കുന്നതെന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി: പിന്തുണയേറുന്നു

പ്രവാചകശബ്ദം 29-12-2021 - Wednesday

കൊല്‍ക്കത്ത: അനാഥാലയങ്ങളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനം തടസപ്പെട്ടിട്ടില്ലെന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി. വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് ഓഡിറ്റര്‍മാരുമായും വിദഗ്ധരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും രാജ്യത്തെ ജനങ്ങളുടെ സ്‌നേഹവും പിന്തുണയും കൊണ്ടാണു മിഷനറീസ് ഓഫ് ചാരിറ്റീസ് പിടിച്ചു നില്‍ക്കുന്നതെന്നും ആരോരുമില്ലാത്തവരെയും രോഗികളെയും വയോധികരെയും പരിചരിക്കുന്നത് തുടരുമെന്നും സന്യാസ സമൂഹം വ്യക്തമാക്കി. മിഷ്ണറീസ് ഓഫ് ചാരിറ്റി ചെലവഴിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും രാജ്യത്തിനകത്തു നിന്നുതന്നെയാണു ലഭിക്കുന്നതെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു.

അതേസമയം മിഷ്ണറീസ് ഓഫ് ചാരിറ്റീസിനു വിദേശ ഫണ്ടുകള്‍ സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കി നല്കാത്തതിനു മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള അജന്ഡയുടെ ഭാഗമായിട്ടാണ് ക്രൈസ്തവരെ ല ക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്ജേവാല ആരോപിച്ചു. മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അധാര്‍മ്മികവും വിദ്വേഷവും പ്രതികാരമാത്മകവുമായ അജണ്ടയുടെ പുതിയ ഇരകളാണു മദര്‍ തെരേസയും മിഷനറീസ് ഓഫ് ചാരിറ്റി സംഘടനയുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സന്യാസ സമൂഹത്തിന്റെ എഫ്‌സി‌ആര്‍‌എ അക്കൌണ്ട് രജിസ്ട്രേഷന്‍ കേന്ദ്രം പുതുക്കി നല്‍കാത്തത് അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയായിട്ടുണ്ട്.


Related Articles »