Life In Christ

നമുക്ക് ക്ഷമയുള്ള ഒരു സഭയെയാണ് ഇന്ന് ആവശ്യം: സൈപ്രസിലെ ആദ്യ പ്രഭാഷണത്തില്‍ പാപ്പ

പ്രവാചകശബ്ദം 03-12-2021 - Friday

വത്തിക്കാന്‍ സിറ്റി: നമുക്ക് ക്ഷമയുള്ള ഒരു സഭയെയാണ് ഇന്ന് ആവശ്യമെന്ന് ഫ്രാന്‍സിസ് പാപ്പ. സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള മുപ്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്രയുടെ ഭാഗമായി ഇന്നലെ സൈപ്രസില്‍ എത്തിചേര്‍ന്ന പാപ്പ രാജ്യത്തു പങ്കുവെച്ച ആദ്യപ്രഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ ഇടയിലായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട് എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. അന്ത്യോക്യയിലെ സഭയെ സന്ദർശിക്കാനായി ജറുസലേമിലെ സഭ തിരഞ്ഞെടുത്ത ബർണബാസ്‌ വിശ്വാസവും ക്ഷമയുമുള്ള ഒരു വലിയ മനുഷ്യനായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു.

മറ്റു മതങ്ങളിൽനിന്ന് പരിവർത്തനം ചെയ്യപ്പെട്ടു വന്ന മനുഷ്യരെ ഒരു പര്യവേക്ഷകനെപ്പോലെ നോക്കിക്കാണുകയും, അവരുടെ ദുർബലമായ വിശ്വാസത്തെ മനസ്സിലാക്കാനും അദ്ദേഹം ശ്രമിച്ചു. പുതുമയെ തിടുക്കത്തിൽ വിലയിരുത്താതെ, ദൈവത്തിന്റെ പ്രവർത്തികളെ കാണാൻ ശ്രമിക്കാനും, മറ്റ് സംസ്കാരങ്ങളെയും പാരമ്പര്യത്തെയും പഠിക്കാനും ഉള്ള ക്ഷമ കാണിക്കുകയും, അതോടൊപ്പം അവരുടെ വിശ്വാസത്തെ തകർക്കാതെ, അവരെ കൈപിടിച്ച് നടത്തുകയുമാണ് ബർണബാസ്‌ ചെയ്തത്.

മാറ്റങ്ങളിൽ അസ്വസ്ഥയാകാതെ, പുതുമയെ സ്വാഗതം ചെയ്യുകയും, സുവിശേഷത്തിന്റെ വെളിച്ചത്തിൽ സാഹചര്യങ്ങളെ വിലയിരുത്തുകയുമാണ് സഭ ചെയ്യേണ്ടത്. സൈപ്രസിലെ സഭയുടെ പ്രവർത്തനം വിലപ്പെട്ടതാണെന്ന് പറഞ്ഞ പാപ്പാ, ബർണബാസിനെപ്പോലെ ക്ഷമയോടെ വിശ്വസനീയവും ദൃശ്യവുമായ അടയാളങ്ങളായിരിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും പറഞ്ഞു. വ്യത്യസ്തങ്ങളായ ആശയങ്ങളും ദർശനങ്ങളും പരസ്പരം ചർച്ചചെയ്യുവാനുള്ള സ്വാതന്ത്രം സഭയിൽ ഉണ്ടെന്ന് വ്യക്തമാക്കിയ പാപ്പ, എന്നാൽ പരസ്പരമുള്ള ചർച്ചകൾ സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കുക എന്നതിനല്ല, മറിച്ച് പരിശുദ്ധാത്മാവിന്റെ ചൈതന്യം പ്രകടിപ്പിച്ച് ജീവിക്കാനാണ് അത് ഉപകരിക്കേണ്ടതെന്നും, ചർച്ചകൾ നടത്തുമ്പോഴും, സഹോദരങ്ങളായി തുടരണമെന്നും ഓർമ്മിപ്പിച്ചു.

ലോകത്തിനുതന്നെ സമാധാനത്തിന്റെ ഉപകരണമാകേണ്ട ഒരു സഭയെയാണ് നമുക്ക് വേണ്ടത്. വിവിധങ്ങളായ ആധ്യാത്മിക-സഭാ-മാനങ്ങളും വിവിധ പൌരന്മാരും, ആചാരങ്ങളും പാരമ്പര്യങ്ങളും സൈപ്രസിൽ നിലനിൽക്കുന്നു. എന്നാൽ ആ വൈവിധ്യം ഒരിക്കലും തങ്ങളുടെ അസ്തിത്വത്തിന് ഭീഷണിയാണെന്ന് കരുതരുത്. അങ്ങനെയുണ്ടായാൽ, അത് ഭയത്തിലേക്കും, ഭയം അവിശ്വാസത്തിലേക്കും, അവിശ്വാസം സംശയങ്ങളിലേക്കും, അത് പിന്നീട് യുദ്ധങ്ങളിലേക്കും നയിക്കും. നാം ഒരേ പിതാവിനാൽ സ്നേഹിക്കപ്പെടുന്ന സഹോദരങ്ങളാണെന്നും പാപ്പ സന്ദേശത്തില്‍ എടുത്തു പറഞ്ഞു.

ഇന്നലെ പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്നിന് തെക്കന്‍ സൈപ്രസിലെ ലാര്‍നാകയില്‍ വിമാനമിറങ്ങിയ മാര്‍പാപ്പയെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് ടിറ്റോ യിലാനയും പാര്‍ലമെന്റ് സ്പീക്കര്‍ അനിറ്റ ദെമെത്രിയോവും പരന്പരാഗത വേഷമണിഞ്ഞ കുട്ടികളും ചേര്‍ന്നാണ് സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണറിനുശേഷം മാര്‍പാപ്പ അന്പതു കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനമായ നിക്കോസിയായിലേക്കു കാര്‍ മാര്‍ഗം പോയി. സന്ദര്‍ശനത്തിലെ ആദ്യ പരിപാടിയായിരുന്നു മെത്രാന്മാരും വൈദികരുമായുള്ള കൂടിക്കാഴ്ച.

സൈപ്രസിലെ രാജ്യത്തെ ജനസംഖ്യ എട്ടര ലക്ഷമാണ്. ഭൂരിഭാഗവും ഗ്രീക്ക് ഓര്‍ത്തഡോക്‌സുകാര്‍. 38,000 വരുന്ന കത്തോലിക്കര്‍ ജനസംഖ്യയുടെ 4.47 ശതമാനമാണ്. രണ്ടു ശതമാനം മുസ്ലിംകളുമുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ജറുസലെമിന്റെ പതനത്തിനുശേഷം സൈപ്രസില്‍ വാസമുറപ്പിച്ച കുരിശുയുദ്ധക്കാരുടെ പിന്മുറക്കാരാണ് ഇപ്പോഴത്തെ ക്രൈസ്തവരില്‍ ഭൂരിഭാഗവും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 69