News - 2025
ഹൈക്കോടതി ഇടപെടല്‍: സാഗര്‍ രൂപതയുടെ കീഴിലുള്ള അനാഥാലയം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞു
പ്രവാചകശബ്ദം 09-01-2022 - Sunday
ഭോപ്പാല്‍: മധ്യപ്രദേശില്‍ സാഗര്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തില്‍നിന്ന് കുട്ടികളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞു. സാഗര്‍ രൂപതയ്ക്ക് കീഴിലുള്ള ശ്യാംപൂരിലെ സെന്റ് ഫ്രാന്‍സിസ് അനാഥാലയത്തിലെ 44 അന്തേവാസികളെ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടപടിയാണ് മധ്യപ്രദേശ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കുട്ടികളടക്കം പ്രതിഷേധമുയര്‍ത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ നടപടിയുമായി മുന്നോട്ടുപോവുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ഒഴിപ്പിക്കുന്നതില്‍നിന്ന് കോടതി ഉദ്യോഗസ്ഥരെ വിലക്കി.
രജിസ്‌ട്രേഷനില്ലാതെയാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഉച്ചഭക്ഷണം പോലും കഴിക്കാന്‍ അനുവദിക്കാതെ കുട്ടികളെ ഇവിടെനിന്ന് ഒഴിപ്പിക്കാനായിരുന്നു നീക്കം. ഇതിനെതിരേ കുട്ടികളും ജീവനക്കാരും പ്രതിഷേധിച്ചു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയിട്ടും നടപടിയുമായി മുന്നോട്ടുപോവാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. തുടര്‍ന്ന് വൈകീട്ടോടെ കോടതി ഉത്തരവിന്റെ പകര്‍പ്പ് എത്തിച്ചതോടെയാണ് ഇവര്‍ ഇവിടെനിന്ന് പിരിഞ്ഞുപോവാന്‍ തയ്യാറായത്. അതിശൈത്യത്തിന്റെയും കോവിഡിന്റെയും നടുവില്‍ കുട്ടികളെ അടിയന്തരമായി ഒഴിപ്പിക്കേണ്ടത് എന്തിനാണെന്ന് കോടതി ചോദ്യമുയര്‍ത്തി. ഇക്കാര്യത്തില്‍ രണ്ട് ആഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്.
അനാഥാലയം നടത്താനുള്ള നിയമപരമായ ലൈസന്‍സ് 2020ല്‍ കാലഹരണപ്പെട്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ വേണ്ട രേഖകള്‍ എല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്നു ഫാ. സിന്‍റോ വര്‍ഗീസ് പറഞ്ഞു. 18 വയസിൽ താഴെയുള്ള 44 കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ 29ന് ഇവിടത്തെ മൂന്നു കുട്ടികളെ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെത്തി മാതൃഛായ എന്ന പേരിലുള്ള മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റിയിരുന്നു. ഇവരെ തിരിച്ചെത്തിക്കണമെന്ന കോടതി നിർദേശം ശിശുക്ഷേമ സമിതി പാലിച്ചിട്ടില്ല. അതേസമയം സാഗര്‍ രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണങ്ങളും ഭരണകൂട നടപടികളും ഉണ്ടാകുന്നത് ആശങ്കയ്ക്കു വഴി തെളിയിച്ചിട്ടുണ്ട്. ഇതില്‍ സീറോ മലബാര്‍ സിനഡ് ആശങ്ക രേഖപ്പെടുത്തിയിരിന്നു.