News - 2025

“ഏതു നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം”: ഹിന്ദുത്വവാദികളുടെ ഭീഷണിയില്‍ സാഗര്‍ രൂപത

സ്വന്തം ലേഖകന്‍ 17-11-2017 - Friday

സാഗര്‍: ഹൈന്ദവ വര്‍ഗ്ഗീയവാദികളില്‍ നിന്നും ക്രൈസ്തവര്‍ നേരിടുന്ന വിഷമതകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മധ്യപ്രദേശിലെ സാഗര്‍ രൂപതാദ്ധ്യക്ഷനായ ആന്‍റണി ചിറയത്ത്. 2018-ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തീവ്രഹിന്ദുത്വ സംഘടനയായ ആര്‍‌എസ്‌എസ് പ്രദേശത്തെങ്ങും ഹിന്ദുത്വവല്‍ക്കരണം നടത്തുവാനുള്ള ശ്രമമാണെന്നും ക്രൈസ്തവര്‍ക്ക് നേരെ വ്യാജപ്രചരണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. രൂപതയിലെ ക്രിസ്ത്യാനികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് തീവ്രഹൈന്ദവ സംഘടനകള്‍ ഉന്നയിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.

“ഞങ്ങള്‍ക്ക് ഭയമാണ്; ഏതു നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം, ഞങ്ങളുടെ സ്ഥാപനങ്ങളും സ്കൂളുകളും അനാഥാലയങ്ങളും തകര്‍ക്കപ്പെട്ടേക്കാം.” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഏഷ്യാ ന്യൂസിനോട് പ്രദേശത്തെ സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 1997-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മോഹന്‍പൂരിലെ കത്തോലിക്കാ കോളേജ് അടപ്പിച്ചുകൊണ്ടാണ് തീവ്ര ഹൈന്ദവ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു തുടക്കമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദിവാസി കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണവും താമസവും നല്‍കിയിരുന്ന കോളേജായിരുന്നു ഇത്. പ്രായപൂര്‍ത്തിയാവാത്തവരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു എന്ന ഹിന്ദു വര്‍ഗ്ഗീയവാദികളുടെ ആരോപണത്തെ തുടര്‍ന്നു ജില്ലാ അധികാരികള്‍ സെപ്റ്റംബര്‍ അവസാനത്തില്‍ ഈ കോളേജ് പൂട്ടുവാന്‍ ഉത്തരവിട്ടു. പിന്നീട് അര്‍ദ്ധരാത്രിയില്‍ എത്തിയ ഹിന്ദുത്വവാദികള്‍ കുട്ടികളേയും, പുരോഹിതരേയും കോളേജ് പ്രദേശത്തു നിന്നും ബലമായി ഒഴിപ്പിക്കുകയും, നവംബര്‍ 10-ന് സാഗറില്‍ ഒരു പന്തംകൊളുത്തി പ്രകടനം നടത്തുകയും ചെയ്തു.

മോഹന്‍പൂര്‍ ഗ്രാമത്തില്‍ 225 ആദിവാസി കുടുംബങ്ങളാണ് ഉള്ളത്. ഇതില്‍ അഞ്ചു കുടുംബങ്ങള്‍ കത്തോലിക്കാ കുടുംബങ്ങളാണ്. എന്നാല്‍ 200-ഓളം ആളുകളെ തങ്ങള്‍ മതപരിവര്‍ത്തനം ചെയ്തുവെന്നാണ് ഹിന്ദുത്വശക്തികള്‍ പറയുന്നത്. പോലീസ് അന്വേഷണത്തില്‍ ഈ ആരോപണം വാസ്തവവിരുദ്ധമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെ ഭീഷണി അനുദിനം ഉയരുന്നുണ്ടെന്നും ഇതിനെതിരെ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും മാര്‍ ആന്‍റണി ചിറയത്ത് വെളിപ്പെടുത്തി. അതേ സമയം ഭീഷണിയുടെ നിഴലിലാണ് സാഗര്‍ രൂപതയെന്ന്‍ ഏഷ്യാന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തീവ്രഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപി ഭാരതത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം ശക്തമാണ്. ആര്‍‌എസ്‌എസ്, വിശ്വഹിന്ദു പരിഷത്ത്, ബംജ്‌റംഗിദള്‍, അഖില്‍ ഭാരതി വന്‍വാസി കല്യാണ്‍ ആശ്രമ് തുടങ്ങിയ വിവിധ സംഘടനകളുടെ പ്രാദേശിക ഘടകങ്ങളാണ് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഓപ്പണ്‍ ഡോര്‍ ഇന്റര്‍നാഷണല്‍ സംഘടന നടത്തിയ പഠനത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളില്‍ ഭാരതത്തിന് 15-ാം സ്ഥാനമാണുള്ളത്.


Related Articles »