India

ഉത്തരവാദിത്വം ഏല്പിക്കുന്ന ദൈവം നിര്‍വഹിക്കാനുള്ള കൃപയും നല്‍കും: നിയുക്ത സാഗര്‍ ബിഷപ്പ്

സ്വന്തം ലേഖകന്‍ 13-01-2018 - Saturday

കൊച്ചി: സഭയുടെ ഉത്തരവാദിത്തങ്ങള്‍ ഏല്പിക്കുന്ന ദൈവം അതു ദൈവഹിതപ്രകാരം നിര്‍വഹിക്കാനുള്ള കൃപകളും നല്‍കുമെന്നു നിയുക്ത സാഗര്‍ ബിഷപ്പ് മാര്‍ ജയിംസ് അത്തിക്കളം. ഉത്തരേന്ത്യയില്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. പുതിയ നിയോഗത്തിലേക്കു കൈപിടിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മാര്‍ അത്തിക്കളം പറഞ്ഞു.

സാധാരണക്കാരനായ മനുഷ്യനാണു ഞാന്‍. ഒരു മാസം മുന്‍പാണു മേജര്‍ ആര്‍ച്ച്ബിഷപ് ഇടയദൗത്യത്തെക്കുറിച്ച് അറിയിക്കുന്നത്. മാര്‍ നീലങ്കാവിലും മാര്‍ ചിറയത്തും വളര്‍ത്തിയ സാഗര്‍ രൂപതയുടെ മെത്രാനായി ചുമതലയേല്‍ക്കുന്‌പോള്‍ പ്രതീക്ഷകള്‍ സാര്‍ഥകമാകാന്‍ പ്രാര്‍ത്ഥനകള്‍ അനിവാര്യമാണെന്നും മാര്‍ അത്തിക്കളം കൂട്ടിച്ചേര്‍ത്തു.

ഭോപ്പാലിലുള്ള നിര്‍മല്‍ ജ്യോതി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ഡയറക്ടറായും ഭോപ്പാലിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ പ്രീസ്റ്റ്ഇന്‍ചാര്‍ജ് ആയും സെന്‍ട്രല്‍ ഇന്ത്യ സീറോ മലബാര്‍ കോ ഓര്‍ഡിനേറ്ററായും സേവനം ചെയ്യുന്നതിനിടെയാണു സാഗര്‍ രൂപതയുടെ പുതിയ മെത്രാനായി അദ്ദേഹം നിയമിതനായത്. 1958 ജൂലൈ അഞ്ചിന് ചങ്ങനാശേരി അതിരൂപതയിലെ മങ്കൊന്പ് ചതുർഥ്യാകരി അത്തിക്കളത്തില്‍ പൗലോസ് അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം.

എംഎസ്ടി സമൂഹത്തിന്റെ ദീപ്തി മൈനര്‍ സെമിനാരിയിലായിരുന്നു വൈദികപഠനം. 1984 മാര്‍ച്ച് 22നു ആണ് പൗരോഹിത്യം സ്വീകരിച്ചത്. ഉജ്ജൈന്‍ രൂപതയിലെ ഹര്‍ഷോദാന്‍, ബര്‍നഗര്‍, രാജ്ഘട്ട് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്തു അദ്ദേഹം പിന്നീട് ജറൂസലേമില്‍നിന്നു ബിബ്ലിക്കല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റും റോമിലെ അഗസ്റ്റീനിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു പട്രോളജിയില്‍ ഡോക്ടറേറ്റും നേടി.

പിന്നീട് ഉജ്ജൈന്‍ രൂപത മൈനര്‍ സെമിനാരിയില്‍ അധ്യാപകനായും ഫിനാന്‍സ് ഓഫീസറായും എംഎസ്ടി സമൂഹത്തിന്റെ മൈനര്‍ സെമിനാരിയില്‍ അധ്യാപകനായും മാണ്ഡ്യ ജീവന്‍ജ്യോതിയില്‍ മിഷണറി ഓറിയന്റേഷന്‍ കോഴ്‌സിന്റെ ഡയറക്ടറായും, റൂഹാലയ മേജര്‍ സെമിനാരിയില്‍ പട്രോളജി പ്രഫസറായും റെക്ടറായും സേവനം ചെയ്തിരിന്നു.

ഭോപ്പാലില്‍ ശുശ്രൂഷ ചെയ്തു വരുന്ന ഫാ. ജയിംസ് അത്തിക്കളം വ്യാഴാഴ്ച വൈകുന്നേരം ചിങ്ങവനത്തെ വീട്ടില്‍ എത്തിയിരുന്നു. പക്ഷേ പുതിയ ദൗത്യത്തെ കുറിച്ചുള്ള സൂചന അദ്ദേഹം നല്കിയിരിന്നില്ല. അത്തിക്കളം വീട്ടിലേക്ക് ഇന്നലെ വൈകുന്നേരം നാലോടെയാണ് സന്തോഷവാര്‍ത്ത എത്തിയത്.


Related Articles »