India - 2024

സമര്‍പ്പിതരെ ലക്ഷ്യംവെച്ചുള്ള ദുഷ്പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി കത്തോലിക്ക സന്യാസിനികൾ

പ്രവാചകശബ്ദം 02-02-2022 - Wednesday

കൊച്ചി: സന്യാസിനികളെ അവഹേളിച്ചുകൊണ്ട് നടത്തപ്പെട്ട ഫോട്ടോഷൂട്ടിനെതിരെയും, അപവാദങ്ങൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും, വ്യക്തികൾക്കെതിരെയും കെസിബിസി ഐക്യ-ജാഗ്രത കമ്മീഷൻ്റെ സമർപ്പിത കൂട്ടായ്മയായ വോയ്സ് ഓഫ് നൺസിന്റെ നേതൃത്വത്തിൽ കത്തോലിക്കാ സന്യാസിനികൾ കേരളത്തിലുടനീളം പരാതികൾ നല്കി. സ്ത്രീത്വത്തെയും ക്രൈസ്തവ വിശ്വാസത്തെയും, സന്ന്യാസ ജീവിതാന്തസിനെയും നിരന്തരം അപമാനിക്കുന്ന ഇത്തരം ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും, സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും വോയ്സ് ഓഫ് നൺസ് എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.

സന്യസ്തരെ സംരക്ഷിക്കാനെന്നപേരിൽ ചില രാഷ്ട്രീയ-മത സംഘടനകൾ രംഗത്ത് വരികയും, അവഹേളനാപരമായ അപവാദപ്രചാരണങ്ങൾ നിരന്തരം നടത്തുകയും ചെയ്യുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഇത്തരം ശ്രമങ്ങൾക്ക് പിന്നിലെ അസൂത്രണങ്ങളെകുറിച്ച് സമഗ്രമായി അന്വേഷിക്കാനും സത്വരനടപടികൾ സ്വീകരിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളോട് കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെ നേതൃത്വത്തിൽ ആവശ്യപ്പെടും.

സ്ത്രീത്വ- മതവിശ്വാസ വിരുദ്ധ പരാമർശങ്ങൾ നടത്തിയവർക്കെതിരായി മുൻപ് കൊടുത്തിരുന്ന ചില പരാതികൾ അന്വേഷിക്കുന്നതിൽ പോലീസ് കാലതാമസം വരുത്തുന്നതിനാൽ കോടതിയെ സമീപിക്കും. മുഖ്യധാരാ ചാനലുകളിലെ ചർച്ചകളിൽ കത്തോലിക്കാ സഭയും സന്യസ്തരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബോധപൂർവ്വം തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്ന അവതാരകർക്കെതിരെയും, പാനലിസ്റ്റുകൾക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കാനും ഐക്യജാഗ്രത കമ്മീഷൻ മുൻകൈ എടുക്കുന്നതാണെന്നും കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.


Related Articles »