Faith And Reason

ക്രൈസ്തവ രക്തസാക്ഷികളുടെ രക്തം കുതിര്‍ന്ന കന്ധമാലില്‍ വീണ്ടും തിരുപ്പട്ട വസന്തം

പ്രവാചകശബ്ദം 03-02-2022 - Thursday

സൈമൺബാഡി (ഒഡീഷ): ആധുനിക ഇന്ത്യയിലെ ഏറ്റവും ക്രൂരമായ ക്രിസ്ത്യൻ വിരുദ്ധ അക്രമത്തിനു വേദിയായ ഒഡീഷയിലെ കന്ധമാലില്‍ വീണ്ടും തിരുപ്പട്ടം സ്വീകരണം. ഹിന്ദുത്വവാദികള്‍ അന്നു നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കപ്പൂച്ചിൻ സമൂഹാംഗങ്ങളായ സൂര്യകാന്ത് മല്ലിക്, അൽഫോൺസ് കുമാർ ബല്ലിയാർസിംഗ്, അജയ് ബല്ലിയാർസിംഗ് എന്നിവരാണ് ഫെബ്രുവരി ഒന്നിന് കന്ധമാൽ ജില്ലയിലെ സൈമൺബാഡിയിലെ മേരി മാതാ ഇടവകയിൽവെച്ച് റായഗഡ ബിഷപ്പ് അപ്ലിനാർ സേനാപതിയില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ചത്. ജാതി, മത, മത വിവേചനമില്ലാതെ ദൈവജനത്തെ നയിക്കേണ്ടവനാണ് വൈദികനെന്ന് ബിഷപ്പ് സേനാപതി തിരുപ്പട്ട ശുശ്രൂഷ മധ്യേയുള്ള തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.

റൈകിയ ഇടവകയുടെ കീഴിലുള്ള ഹോസ്‌റ്റിനാപൂർ ഗ്രാമവാസിയായ ബിജയ ചന്ദ്രയുടെയും മാർഗരിറ്റ മല്ലിക്കിന്റെയും നാല് മക്കളിൽ മൂന്നാമനാണ് ഫാ. മല്ലിക്. തന്റെ ഗ്രാമത്തിൽ അഞ്ഞൂറോളം കുടുംബങ്ങളുണ്ടെന്നും അതിൽ അഞ്ച് പേർ മാത്രമാണ് കത്തോലിക്കരെന്നും അദ്ദേഹം മാറ്റേഴ്‌സ് ഇന്ത്യയോട് പറഞ്ഞു. തിരുപ്പട്ടം സ്വീകരിച്ച രണ്ടാമത്തെ വൈദികനായ ഫാ. അൽഫോൺസ് ബല്ലിയാർസിങ്, ഫാ. മല്ലിക്കിന്റെ സഹചാരിയായിരിന്നു. കന്ധമാലിലെ തുമുദിബന്ധ് ഇടവകയുടെ കീഴിലുള്ള ബന്ദിഗുഡയിൽ പ്രദീപിന്റെയും കസ്മിത ബല്ലിയാർസിംഗിന്റെയും മൂന്ന് മക്കളിൽ രണ്ടാമനാണ് അദ്ദേഹം.

2007 ഡിസംബറിൽ കന്ധമാലിലെ ക്രിസ്ത്യാനികൾക്കെതിരായ ഹിന്ദുത്വവാദികളുടെ ആക്രമണം ഉണ്ടായപ്പോള്‍ മൗലികവാദികളിൽ നിന്ന് രക്ഷപ്പെടാൻ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട വ്യക്തിയാണ് ഫാ. അൽഫോൺസ്. പൌരോഹിത്യത്തെ പുല്‍കിയ മൂന്നാമനായ ഫാ. അജയ് ബെല്ലാർസിംഗും ക്രൈസ്തവ വിശ്വാസി ആയതിന്റെ പേരിൽ ജീവന് ഭീഷണി നേരിട്ടിരുന്നു. എന്നാൽ ഈ ഭീഷണി തന്നെ ഒരു വൈദികനായി ദൈവജനത്തെ സേവിക്കുന്നതിൽ നിന്നും തടഞ്ഞില്ലായെന്ന് അദ്ദേഹം മാറ്റേഴ്‌സ് ഇന്ത്യയോട് പറഞ്ഞു. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം നടന്ന തിരുപ്പട്ട ശുശ്രൂഷ ചടങ്ങിൽ നാല്‍പ്പതോളം വൈദികരും 5 കന്യാസ്ത്രീകളും വിശ്വാസികളും പങ്കെടുത്തു.

2008-ൽ ലക്ഷ്മണാനന്ദ സരസ്വതി എന്ന സ്വാമിയെ ക്രെെസ്തവർ കൊന്നുവെന്ന വ്യാജ ആരോപണം പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ക്രെെസ്തവർക്കു നേരേ തീവ്ര ഹൈന്ദവ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. പിന്നീട് നടന്ന കൂട്ടക്കൊലയിൽ നൂറ്റിയിരുപതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം ഭവനങ്ങളാണ് അന്ന് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കന്യാസ്ത്രീ അടക്കമുള്ള നിരവധി ക്രിസ്ത്യന്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയായിരിന്നു. എന്നാല്‍ ലക്ഷ്മണാനന്ദ സ്വരസ്വതിയെ കൊല്ലപ്പെടുത്തിയെന്ന വ്യാജ ആരോപണം ക്രൈസ്തവരുടെ മേല്‍ കെട്ടിവെയ്ക്കുകയായിരിന്നു. അനേക വര്‍ഷക്കാലം ജയില്‍ കഴിഞ്ഞ ക്രൈസ്തവര്‍ ഇപ്പോഴും കോടതി വിചാരണ നേരിടുന്നുണ്ട്. അതേസമയം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അനേകം പേരാണ് കന്ധമാലില്‍ നിന്ന്‍ വൈദിക സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 64