News

ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി പരമോന്നത നീതിപീഠ തലപ്പത്ത് ക്രൈസ്തവ വിശ്വാസി

പ്രവാചകശബ്ദം 10-02-2022 - Thursday

കെയ്റോ: ഈജിപ്തിലെ പരമോന്നത ഭരണഘടന നീതിപീഠത്തിന്റെ തലപ്പത്ത് ചരിത്രത്തില്‍ ഇതാദ്യമായി ഒരു കോപ്റ്റിക് ക്രൈസ്തവന്‍. ഇന്നലെയാണ് കോപ്റ്റിക് ക്രൈസ്തവനും അറുപത്തിയഞ്ചുകാരനുമായ ജഡ്ജി ബൗലോസ് ഫാഹ്മി ഈജിപ്ത് ഭരണഘടനാ നീതിപീഠത്തിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ജഡ്ജ് മാരെയി അമര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ്‌ ഫാഹ്മിയെ ഭരണഘടനാ നീതിപീഠത്തിന്റെ പുതിയ പ്രസിഡന്റായി നിയമിച്ചു കൊണ്ട് ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസി ഉത്തരവിട്ടത്.

ഈജിപ്ത് ഭരണഘടന നീതിപീഠത്തിന്റെ ഉന്നത പദവിയിലെത്തുന്ന ആദ്യത്തെ ക്രൈസ്തവ വിശ്വാസിയാണ് ബൗലോസ് ഫാഹ്മി. 1978-ല്‍ പബ്ലിക് പ്രോസിക്യൂട്ടേഴ്സ് ഓഫീസില്‍ നിയമിതനായ അദ്ദേഹം കോടതിയിലെ സീനിയോരിറ്റി അനുസരിച്ച് നിലവില്‍ നാലാം സ്ഥാനത്താണ് ഉള്ളത്.1997-ല്‍ അപ്പീല്‍ കോടതി ജഡ്ജ് ആയി നിയമിതനായ ഫാഹ്മി 2001-ല്‍ അപ്പീല്‍ കോടതിയുടെ തലവനായി ഉയര്‍ത്തപ്പെട്ടു. 2014-ലാണ് ഫാഹ്മി അദ്ദേഹം പരമോന്നത ഭരണഘടനാ കോടതിയുടെ ജഡ്ജിയാ യി നിയമിതനാകുന്നത്. നിയമവുമായി ബന്ധപ്പെട്ട ഗവേഷണ സ്വഭാവമുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഫാഹ്മി. നിരവധി സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും. സ്ഥാപനങ്ങളിലും ഉപദേശക പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

2014-ല്‍ പ്രാബല്യത്തില്‍ വന്ന നിലവിലെ ഈജിപ്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 2 അനുസരിച്ച് ഇസ്ലാമിക ശരിയത്തില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങളാണ് നിയമനിര്‍മ്മാണത്തിന്റെ പ്രധാന ഉറവിടം. ഈജിപ്ത്യന്‍ നിയമനിര്‍മ്മാണത്തിലെ കാര്‍ക്കശ്യമായ ഇസ്ലാമികവല്‍ക്കരണത്തിനെതിരെ നിലകൊണ്ട പ്രധാന സ്ഥാപനങ്ങളിലൊന്നാണ് സുപ്രീം കോടതി. ഈജിപ്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉന്നത പദവികളില്‍ ക്രൈസ്തവര്‍ക്ക് കൂടി അവസരം നല്‍കുന്നതിനുള്ള ഈജിപ്ത്യന്‍ പ്രസിഡന്റ് അല്‍-സിസിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നു പുതിയ നിയമനത്തെക്കുറിച്ച് ഈജിപ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനുപുറമേ, ഈജിപ്തിലെ ക്രിസ്ത്യന്‍ സമൂഹം വളരെക്കാലമായി കാത്തിരുന്ന ക്രിസ്ത്യന്‍ പൗരന്‍മാരുടെ വ്യക്തിത്വ പദവി സംബന്ധിച്ച പുതിയ നിയമത്തിന് അംഗീകാരം നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് ഈജിപ്ത്യന്‍ പാര്‍ലമെന്റ്. 2014-ലാണ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതെങ്കിലും ഇതിന്റെ കരടുരൂപം തയ്യാറാക്കുന്ന നടപടികള്‍ വൈകുകയായിരുന്നു. അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ സ്വതന്ത്ര ഭരണഘടനാ നീതിന്യായ സംവിധാനമാണ് പരമോന്നത ഭരണഘടന കോടതി.

പ്രസിഡന്റ് ഗാമല്‍ അബ്ദ് എല്‍ നാസര്‍ സ്ഥാപിച്ച സുപ്രീം കോടതിക്ക് പകരമായി 1979-ലാണ് പരമോന്നത ഭരണഘടനാ കോടതി നിലവില്‍ വരുന്നത്. ഈജിപ്തിലെ ഉദ്യോഗസ്ഥ വൃന്ദം നടപ്പിലാക്കുന്ന നിയമങ്ങളുടേയും, ഉത്തരവുകളുടേയും ഭരണഘടനാ പരമായ സാധുത വിലയിരുത്തകയാണ് ഈ കോടതിയുടെ പ്രധാന കര്‍ത്തവ്യം. നിയമപരമായ തര്‍ക്കങ്ങളിലെ അവസാന വാക്ക് കൂടിയാണ് പരമോന്നത ഭരണഘടനാ കോടതി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »