News - 2024

അര്‍മേനിയന്‍ ദേവാലയങ്ങള്‍ യുനെസ്കോ സംരക്ഷിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവര്‍ത്തക

പ്രവാചകശബ്ദം 19-02-2022 - Saturday

ലണ്ടന്‍: അര്‍മേനിയയും, അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷത്തിലെ, തര്‍ക്കഭൂമിയായ നാഗോര്‍ണോ-കാരബാഖിലെ ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്രമുഖ ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവര്‍ത്തകയും, ബ്രിട്ടീഷ് പ്രഭു സഭയില്‍ സ്വതന്ത്ര അംഗവുമായ കരോളിന്‍ കോക്സ് (ബാരോണെസ് കോക്സ്) യുനെസ്കോയെ സമീപിച്ചു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള കത്ത് ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് കോക്സ് യുനെസ്കോയുടെ ഡയറക്ടര്‍ ജനറലായ ഓഡ്രി അസൗലേക്ക് കൈമാറിയത്. നിലവില്‍ അസര്‍ബൈജാന്റെ നിയന്ത്രണത്തിലുള്ള നാഗോര്‍ണോ-കാരബാഖിലെ അര്‍മേനിയന്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളുടേയും, കല്ലില്‍ കൊത്തിയ കുരിശുകളുടേയും, സാംസ്കാരിക പൈതൃക സ്ഥലങ്ങളുടേയും ഭാവിയെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ അറിയിക്കുന്നതെന്ന ആമുഖത്തോടെയാണ് കത്ത് ആരംഭിക്കുന്നത്.

കത്തില്‍ ഡഡിവാങ്കിലെ ചരിത്രപരമായ ആശ്രമവും, ഷുഷിയിലെ ഘാസന്‍ചെട്സോട്സിലെ കത്തീഡ്രലും, അസോഖ് പാലിയോലിത്തിക് ഗുഹയും, നോര്‍ കര്‍മീരാവന്‍ ശവകുടീരവും ഉള്‍പ്പെടെ നൂറ്റിഅറുപത്തിയൊന്നോളം ദേവാലയങ്ങള്‍ ഉണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടി. അര്‍മേനിയന്‍ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടത് നാഗോര്‍ണോ-കാരബാഖ് മേഖലയിലെ സുസ്ഥിരമായ സമാധാനത്തിന് അത്യന്താപേക്ഷിതമാണെന്നു ഹ്യുമാനിറ്റേറിയന്‍ എയിഡ് റിലീഫ് ട്രസ്റ്റ് എന്ന സംഘടനയുടെ പ്രസിഡന്റ് കൂടിയായ കോക്സിന്റെ കത്തില്‍ പറയുന്നു.

ഈ സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് യുനെസ്കോ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവരികയാണെങ്കിലും ഈ ആവശ്യം തിരസ്കരിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും, അര്‍മേനിയന്‍ സാംസ്കാരിക-പൈതൃക സ്ഥലങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുവാന്‍ അസര്‍ബൈജാന്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്ന് 2020-ല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിട്ടുള്ള കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അല്‍ബേനിയന്‍ ആരാധനാകേന്ദ്രങ്ങളില്‍ അര്‍മേനിയക്കാര്‍ എഴുതിവെച്ചിട്ടുള്ള ഭാവനാസമ്പന്നമായ ലിഖിതങ്ങള്‍ മായ്ച്ചു കളയുവാന്‍ അസര്‍ബൈജാന്‍ ഒരു പ്രവര്‍ത്തക സമിതിയെ ചുമതലപ്പെടുത്തിയ കാര്യവും കത്തില്‍ പറയുന്നുണ്ട്. അര്‍മേനിയവല്‍ക്കരിക്കപ്പെട്ട അല്‍ബേനിയന്‍ ആരാധനാലയങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് അസര്‍ബൈജാന്‍ സാംസ്കാരിക മന്ത്രി അനാര്‍ കാരിമോവിന്റെ ഇക്കഴിഞ്ഞ ഫെബ്രുവരി 3-ലെ പ്രഖ്യാപിച്ചിട്ടുള്ള കാര്യവും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

പ്രവര്‍ത്തക സമിതിയെ നിയമിച്ച അസര്‍ബൈജാന്റെ ഈ നടപടി ആശങ്കാജനകമാണെന്നു കോക്സ്‌ പറയുന്നു. 1997-2006 കാലയളവില്‍ യുനെസ്കോയാല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള പതിനായിരകണക്കിന് അര്‍മേനിയന്‍ സ്മാരകങ്ങളാണ് അസര്‍ബൈജാന്‍ തകര്‍ത്തതെന്നും കോക്സ് ആരോപിക്കുന്നു. അസര്‍ബൈജാന്റെ ഭൂപ്രദേശത്തായി അര്‍മേനിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന്‍ കിടക്കുന്ന ഭൂപ്രദേശമാണ് നാഗോര്‍ണോ-കാരബാഖ്. അസര്‍ബൈജാന്റെ ഭാഗമെന്ന്‍ ഐക്യരാഷ്ട്ര സഭ അംഗീകരിക്കുന്ന ഈ വിവാദ ഭൂമിയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതാകട്ടെ അര്‍മേനിയന്‍ വംശജരും. നാഗോര്‍ണോ-കാരബാഖ് മേഖലയെ ചൊല്ലി 2020-ല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ അര്‍മേനിയയും മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ അസര്‍ബൈജാനും തമ്മില്‍ 44 ദിവസം സംഘര്‍ഷം നടന്നിരുന്നു.


Related Articles »