News - 2025
നോമ്പിലെ വെള്ളിയാഴ്ചകളില്‍ കുരിശിന്റെ വഴിയ്ക്കായി വിശ്വാസികളെ ക്ഷണിച്ച് വത്തിക്കാൻ
പ്രവാചകശബ്ദം 03-03-2022 - Thursday
റോം: നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്റെ വഴി പ്രാർത്ഥനയിൽ പങ്കെടുക്കാൻ വത്തിക്കാൻ, വിശ്വാസി സമൂഹത്തെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേയ്ക്ക് ക്ഷണിച്ചു. ഇറ്റാലിയൻ ചിത്രകാരനായ ഗാറ്റിനോ പ്രിവിയാറ്റി വരച്ച ക്രിസ്തുവിന്റെ പീഡാനുഭവ കുരിശു മരണ, ചിത്രങ്ങൾ എല്ലാദിവസവും വൈകുന്നേരം 4 മണിക്ക് നടക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനയിൽ ആരാധനക്ക് വേണ്ടി ഉപയോഗിക്കുമെന്ന് ബസിലിക്കയിലെ ആരാധനയുടെയും, മറ്റു കാര്യങ്ങളുടെയും മേൽനോട്ട ചുമതലയുള്ള കർദ്ദിനാൾ മൗരോ ഗാംബറ്റി പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഗാറ്റിനോ പ്രിവിയാറ്റി ചിത്രങ്ങൾ വരച്ചത്.
ആദ്യമായിട്ടാണ് ഒരു ദേവാലയത്തിന്റെ ഉള്ളിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നത്. വത്തിക്കാൻ മ്യൂസിയത്തിൽ നിന്നാണ് നോമ്പ് കാലത്തേക്ക് വേണ്ടി ചിത്രങ്ങൾ ബസിലിക്കയ്ക്ക് നൽകുന്നത്. കലയിലൂടെ ആളുകളെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രിവിയാറ്റി ചിത്രങ്ങൾ വരച്ചതെന്നും, 120 വർഷങ്ങൾക്ക് ശേഷം ബസിലിക്കയിൽ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകുന്നതിൽ സന്തോഷമുണ്ടെന്നും അധികൃതർ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. ഉത്തര ഇറ്റാലിയൻ നഗരമായ ഫെറാരയിൽ ജനിച്ച ഗാറ്റിനോ പ്രിവിയാറ്റി ലവാഗ്ന നഗരത്തിൽ 67 വയസ്സിലാണ് മരണമടയുന്നത്.
