News - 2024

യുക്രൈനിലെ രക്ഷാദൗത്യത്തിന് ആംബുലന്‍സ് സംഭാവന ചെയ്ത് പാപ്പ: സ്വയം ഡ്രൈവ് ചെയ്ത് എത്തിക്കാന്‍ പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവന്‍

പ്രവാചകശബ്ദം 28-03-2022 - Monday

വത്തിക്കാന്‍ സിറ്റി: യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശം ഒരു മാസം പിന്നിട്ട സാഹചര്യത്തില്‍ ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന യുക്രൈന്‍ ജനതയുടെ സഹായത്തിനായി ഫ്രാന്‍സിസ് പാപ്പ ആംബുലന്‍സ് സംഭാവന ചെയ്തു. വത്തിക്കാനില്‍ നിന്നും യുക്രൈനിലേക്ക് സ്വയം ഡ്രൈവ് ചെയ്തായിരിക്കും പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവനും ഫ്രാന്‍സിസ് പാപ്പയുടെ അടുത്ത സഹായിയുമായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്കി ആംബുലന്‍സ് എത്തിക്കുക. വത്തിക്കാനില്‍ നടന്ന വിമലഹൃദയ പ്രതിഷ്ഠയുടെ അതേ സമയം തന്നെ ഫാത്തിമായില്‍ വെച്ച് മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിച്ച് മടങ്ങിയെത്തി അധികം താമസിയാതെയാണ് പാപ്പയുടെ ദാനധര്‍മ്മ കാര്യസ്ഥനും, പോളണ്ട് സ്വദേശിയുമായ കര്‍ദ്ദിനാള്‍ ക്രജേവ്സ്കി തന്റെ പുതിയ ദൗത്യം ഏറ്റെടുത്തത്.

യുക്രൈനിലെ ലിവിവ് നഗരത്തിലേക്കാണ് ഈ ആംബുലന്‍സ് അയക്കുന്നത്. യുക്രൈന്‍ ജനതയുടെ സഹായത്തിനായി വത്തിക്കാന്‍ പരമാവധി ചെയ്യുന്നുണ്ടെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍ ആംബുലന്‍സ് അതിന്റെ ഒരു അടയാളമാണെന്നു കത്തോലിക്കാ വാര്‍ത്താ മാധ്യമമായ ‘ക്രക്സ് ന്യൂസ്’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആംബുലന്‍സ് ആശീര്‍വ്വദിച്ച് പാപ്പ പ്രാര്‍ത്ഥിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസം വത്തിക്കാന്‍ പുറത്തുവിട്ടിരിന്നു. ആംബുലന്‍സിന്റെ അകം ഒരു ഓപ്പറേഷന്‍ തിയറ്റര്‍ പോലെയാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക പ്രതിനിധിയായി 6 ദിവസത്തോളം യുക്രൈനില്‍ ചെലവഴിച്ച കര്‍ദ്ദിനാള്‍ ക്രജേവ്സ്കി രാജ്യത്തെ സഭയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിന്നു. അതേസമയം പെസഹ വ്യാഴത്തില്‍ മറ്റൊരു ആംബുലന്‍സ് കൂടി എത്തിക്കുവാന്‍ പദ്ധതിയിടുന്നുണ്ടെന്നും ഇത്തവണത്തെ യാത്രയില്‍ ആവശ്യമുള്ളിടത്തോളം സമയം താന്‍ യുക്രൈനില്‍ തുടരുമെന്നും കൂട്ടിച്ചേര്‍ത്തു. പാപ്പയുടെ ദാനധര്‍മ്മ കാര്യാലയവും യുക്രൈന്‍ ജനതയെ സഹായിക്കുന്നതില്‍ മുന്നിലുണ്ട്. യുക്രൈനിലെ പുരാവസ്തു കേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി പൊന്തിഫിക്കല്‍ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സാമ്പത്തിക സഹായം ചെയ്തിരുന്നു.


Related Articles »