News

ഫിന്‍ലന്‍ഡില്‍ ക്രിസ്തീയ വിശ്വാസത്തെ പ്രതി വിചാരണ നേരിട്ട എംപിയെ കോടതി കുറ്റവിമുക്തയാക്കി

പ്രവാചകശബ്ദം 31-03-2022 - Thursday

ഹെല്‍സിങ്കി: യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡില്‍ ക്രിസ്തീയ ധാര്‍മ്മികതയ്ക്കുവേണ്ടി സ്വരമുയര്‍ത്തിയതിന്റെ പേരില്‍ വിചാരണ നേരിട്ടുകൊണ്ടിരുന്ന രണ്ടു ക്രിസ്ത്യന്‍ നേതാക്കളെ ഫിന്നിഷ് കോടതി പൂര്‍ണ്ണമായും കുറ്റവിമുക്തരാക്കി. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പാര്‍ലമെന്റംഗവും, മുന്‍ ആഭ്യന്തര മന്ത്രിയുമായ പൈവി റസാനെനേയും, ഇവാഞ്ചലിക്കല്‍ ലൂഥറന്‍ മെത്രാന്‍ ജഹാന പൊഹ്ജോളയേയുമാണ്‌ ഹെല്‍സിങ്കിയിലെ കോടതി കുറ്റവിമുക്തരാക്കിയത്. ബൈബിള്‍പരമായ ആശയങ്ങള്‍ വ്യാഖ്യാനിക്കേണ്ടത് ജില്ലാ കോടതിയല്ലെന്നു മാര്‍ച്ച് 30-ലെ ഹെല്‍സിങ്കി കോടതിയുടെ ഏകകണ്ഠമായ വിധിയില്‍ പറയുന്നു. കോടതി വ്യവഹാരത്തിന്റെ ചിലവായ 60,000 യൂറോ ഭരണകൂടം വഹിക്കണമെന്നും കോടതിവിധിയില്‍ പറയുന്നുണ്ട്.

2004-ലെ ഒരു ലഘുലേഖയുമായി ബന്ധപ്പെട്ടും 2018-ലെ ഒരു ടെലിവിഷന്‍ പരിപാടിയിലും, 2019-ലെ ട്വീറ്റിലും നടത്തിയ പരാമര്‍ശമാണ് അറുപത്തിരണ്ടുകാരിയും, 5 കുട്ടികളുടെ മാതാവുമായ റസാനെനെ കോടതി കയറ്റിയത്. 5.5 മില്യൻ ആളുകൾ ജീവിക്കുന്ന രാജ്യമാണ് ഫിൻലൻഡ്. മൂന്നിൽ രണ്ട് ആളുകളും, ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെയോ, ഓർത്തഡോക്സ് സഭയുടെയോ ഭാഗമാണ്. പൈവി റസനൻ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയിലെ അംഗമാണ്. എന്നാൽ 2019ൽ ലൂഥറൻ സഭ രാജ്യത്ത് നടന്ന ഒരു എൽജിബിടി റാലിക്ക് പിന്തുണ നൽകിയത് അവർ എതിർത്തിരുന്നു.

സ്വവർഗാനുരാഗം തെറ്റാണ് എന്ന് സൂചിപ്പിക്കുന്ന പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനം ഒന്നാം അധ്യായം 24 മുതൽ 27 വരെയുള്ള വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ട് ലൂഥറന്‍ സഭ എൽജിബിടി റാലിക്ക് നൽകുന്ന പിന്തുണ ശരിയല്ലെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഇതിനെ ലൈംഗീക ന്യൂനപക്ഷങ്ങളെ അപമാനിച്ചുവെന്ന തരത്തിലേക്ക് കേസ് മാറ്റിയെടുക്കപ്പെട്ടു. ഇതോടൊപ്പം തന്നെ 2004-ല്‍ റസാനെന്‍ എഴുതി പൊഹ്ജോള പ്രസിദ്ധീകരിച്ച ‘ദൈവം സൃഷ്ടിച്ച പുരുഷനും സ്ത്രീയും’ എന്ന ലഘുലേഖയും കേസിന് ആധാരമായി. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളി കോടതി തിരിച്ചറിഞ്ഞതിലും, തങ്ങള്‍ക്ക് അനുകൂലമായി വിധിച്ചതിലും തനിക്ക് നന്ദിയുണ്ടെന്നായിരുന്നു കോടതിവിധിയെ കുറിച്ചുള്ള റസാനെന്റെ പ്രതികരണം.

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുവാന്‍ ഇത്തരമൊരു അവസരം ലഭിച്ചതില്‍ തനിക്ക് നന്ദിയുണ്ടെന്നും, ഇത്തരം നിയനടപടികള്‍ നേരിടുന്നവര്‍ക്ക് ഈ വിധി സഹായകരമാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റസാനെന്റെ പരാമര്‍ശം സ്വവര്‍ഗ്ഗാനുരാഗികളോടുള്ള അസഹിഷ്ണുതക്കും, വിദ്വേഷത്തിനും കാരണമാകുമെന്നായിരുന്നു പ്രോസിക്യൂട്ടര്‍ ജനറല്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ തന്റെ പരാമര്‍ശം സഭ നേരിടുന്ന ഒരു വിഷയത്തേക്കുറിച്ചുള്ളതാണെന്നും, അത് സഭാ നേതാക്കളെ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും റസാനെന്‍ കോടതിയെ ബോധിപ്പിച്ചു. 2004 മുതല്‍ 2015 വരെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്സ് പാര്‍ട്ടിയുടെ അദ്ധ്യക്ഷയായിരുന്ന റസാനെന്‍ ഫിന്നിഷ് ലൂഥറന്‍ സഭയിലെ സജീവ അംഗമാണ്. വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനത്തില്‍ സ്വവർഗാനുരാഗം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ നിരവധി തവണ മാധ്യമ പൊതു വിചാരണ നേരിടേണ്ടി വന്ന നേതാവു കൂടിയാണ് പൈവി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »