News - 2024

ഈസ്റ്ററിന് ദിവസങ്ങള്‍ ശേഷിക്കേ ഫ്രാന്‍സിലെ പ്രമുഖ കത്തീഡ്രല്‍ ദേവാലയത്തില്‍ ബോംബ്‌ കണ്ടെത്തി

പ്രവാചകശബ്ദം 09-04-2022 - Saturday

ടൂളോസ്, ഫ്രാന്‍സ്: ഫ്രാന്‍സിന്റെ ദേശീയ സ്മാരകവും, ടൂലോസ് നഗരത്തിന്റെ ആത്മീയ കേന്ദ്രവുമായ സെന്റ്‌-എറ്റിയന്നെ കത്തീഡ്രലില്‍ പാഴ്സല്‍ ബോംബ് കണ്ടെത്തി. ഇന്നലെ വെള്ളിയാഴ്ചത്തെ വിശുദ്ധ കുര്‍ബാനയ്ക്കിടെ ബോംബ് വെച്ചുവെന്ന് സംശയിക്കുന്ന നാല്‍പ്പതുകാരനായി ഫ്രഞ്ച് പോലീസ് തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. ദേവാലയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറകളില്‍ സംശയിക്കപ്പെടുന്ന വ്യക്തിയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ ചിത്രങ്ങളെ ആധാരമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ ഏപ്രില്‍ 8ന് രാവിലത്തെ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് രാവിലെ 8 മണിക്ക് ശേഷമാണ് സംശയിക്കപ്പെടുന്ന വ്യക്തി ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുന്നത്. മുപ്പതോളം പേരാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്നത്.

ദേവാലയത്തില്‍ പ്രവേശിച്ച വ്യക്തി അള്‍ത്താരക്ക് മുന്നിലായി സ്ഫോടക വസ്തു അടങ്ങിയ പൊതി വെച്ച ശേഷം ആര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയാത്തവിധം പിറുപിറുത്തിരിന്നു. തടയുവാന്‍ ശ്രമിച്ച ദേവാലയ ശുശ്രൂഷിയെ തള്ളിമാറ്റിക്കൊണ്ടാണ് അയാള്‍ രക്ഷപ്പെട്ടത്. ഇരുണ്ട നിറമുള്ള ജാക്കറ്റും, ജീന്‍സും ധരിച്ചിട്ടുള്ള വ്യക്തി, മാസ്കിന് പുറമേ, തലയില്‍ തൊപ്പിയും വെച്ചിട്ടുണ്ടായിരുന്നു. അയാളെ കണ്ടപ്പോള്‍ ഒരു ഡെലിവറി ബോയിയേപ്പോലെയാണ് തനിക്ക് തോന്നിയതെന്നു ദേവാലയ ശുശ്രൂഷി ഓരെലിയന്‍ ഡ്ര്യൂക്സ്‌ പറഞ്ഞു. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം ദേവാലയത്തില്‍ നിന്നും വിശ്വാസികളെ ഒഴിപ്പിക്കുകയും, ബോംബ്‌ നിര്‍വ്വീര്യമാക്കുകയും ചെയ്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ഈസ്റ്ററിന് മുന്‍പായി ഇത്തരമൊരു സംഭവം നടന്നത് ഫ്രഞ്ച് ജനതയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സമാധാനത്തിന്റേതായ ഒരു സ്ഥലത്ത് ഇത്തരമൊരു സംഭവം നടന്നത് ഖേദകരമാണെന്നു സെന്റ്‌-എറ്റിയന്നെ കത്തീഡ്രല്‍ വികാരി ഫ്രഞ്ച് വാര്‍ത്താപത്രമായ ‘ലാ ഡെപ്പേച്ചേ’യോട് പറഞ്ഞു. സമീപ മാസങ്ങളില്‍ ഇത്തരം ആക്രമണസാധ്യതകളുമായി തങ്ങള്‍ക്ക് പൊരുത്തപ്പെടേണ്ടതായി വന്നിട്ടുണ്ടെന്നും, എപ്രകാരം സുരക്ഷിതരായിരിക്കണമെന്ന് ഇടവകക്കാരെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇത് തീവ്രവാദി ആക്രമണമാണോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 1862-ലാണ് ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം സെന്റ്‌-എറ്റിയന്നെ കത്തീഡ്രലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »