Life In Christ - 2024

അഭയാർത്ഥികളെ സ്വീകരിക്കാൻ ആയിരത്തിലധികം മഠങ്ങൾ തുറന്നുകൊടുത്ത് കത്തോലിക്ക സന്യാസിനികള്‍

പ്രവാചകശബ്ദം 17-03-2022 - Thursday

യുക്രൈന്‍ അഭയാർത്ഥികളെ സ്വീകരിക്കാൻ ആയിരത്തിലധികം മഠങ്ങൾ തുറന്നുകൊടുത്ത് യുക്രൈനിലെയും പോളണ്ടിലെയും കത്തോലിക്ക സന്യാസിനികള്‍. പോളണ്ടിലെ 924 കോൺവെന്റുകളിലും യുക്രൈനിലെ 98 കോൺവെന്റുകളിലും സന്യാസിനികൾ യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന ദുർബ്ബലരായ ആളുകൾക്ക് ആത്മീയവും മാനസീകവും വൈദ്യശാസ്ത്രപരവും ഭൗതികവുമായ സഹായം നൽകുന്നുവെന്ന് പോളണ്ടിലെ സന്യാസിനി സമൂഹ മേലദ്ധ്യക്ഷമാരുടെ കൗൺസിൽ ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ വെളിപ്പെടുത്തി.

യുക്രൈന് നേരെയുള്ള റഷ്യൻ അധിനിവേശത്തിന്റെ ആരംഭം മുതൽ, പോളണ്ടിലും യുക്രൈനിലും പ്രവർത്തിക്കുന്ന നൂറ്റിയന്‍പതോളം കന്യാസ്ത്രീ മഠങ്ങൾ ഓരോന്നും ആവശ്യമുള്ളവർക്ക് അഭയവും മറ്റ് തരത്തിലുള്ള സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പോളണ്ടിൽ 498 കോൺവെന്റുകളും യുക്രൈനിൽ 76 കോൺവെന്റുകളും നിലവിൽ അഭയാർത്ഥികൾക്ക് താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നുവെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂവായിരത്തിലധികം കുട്ടികളും അത്രയും മുതിർന്നവരും ഉൾപ്പെടുന്ന കുറഞ്ഞത് 2400 കുടുംബങ്ങള്‍ക്കു എങ്കിലും മഠങ്ങളിൽ അഭയം കണ്ടെത്തിട്ടുണ്ട്.

ചൂടുള്ള ഭക്ഷണം, ശുചിത്വ ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവ തയ്യാറാക്കുന്നതിലും വിതരണത്തിലും സന്യാസിനികള്‍ സദാകര്‍മ്മനിരതരാണ്. യുദ്ധ ബാധിത സ്ഥലങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുന്നതിലും പോളണ്ടിലെ അഭയാർത്ഥികൾക്ക് തൊഴിലവസരങ്ങൾ തേടുന്നതിലും അവരുടെ സ്വന്തം കേന്ദ്രങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇവർ സജീവമാണ്. യുക്രൈനില്‍ നിന്നുള്ള കുട്ടികളെ പോളണ്ടിലെ സ്കൂളുകളിൽ രജിസ്റ്റർ ചെയ്യാനും വിവർത്തകരായി വര്‍ത്തിക്കുവാനും കുട്ടികൾക്കും അമ്മമാർക്കുമായി ക്ലാസുകൾ സംഘടിപ്പിക്കാനും പ്രായമായവർക്കും വികലാംഗർക്കും സേവനങ്ങൾ നൽകാനും പ്രത്യേകം സമയം സന്യാസിനികള്‍ മാറ്റിവെയ്ക്കുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 73