Arts - 2024

ഹോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി യു‌എസ് ബോക്സ്ഓഫീസിലെ ആദ്യ പത്തില്‍ ദിവ്യകാരുണ്യ സിനിമ

പ്രവാചകശബ്ദം 01-05-2022 - Sunday

ന്യൂയോര്‍ക്ക്: ദിവ്യകാരുണ്യ ഡോക്യുമെന്ററി ചിത്രം 'എലൈവ്' (സ്പാനിഷ് പേര് വിവോ) അമേരിക്കൻ ബോക്സോഫീസിലെ ആദ്യ 10 ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. പ്രമുഖമായ മറ്റ് നിരവധി ഹോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി പ്രദർശനത്തിന്റെ ആദ്യദിവസമായ ഏപ്രിൽ 25 മുതല്‍ തന്നെ എലൈവ് മുന്നേറ്റം നടത്തിയത് വലിയ നേട്ടമായാണ് കരുതപ്പെടുന്നത്. പട്ടികയിൽ ആറാം സ്ഥാനമാണ് എലൈവിനുളളത്. ദിവ്യകാരുണ്യത്തിലുളള വിശ്വാസത്തിലൂടെ ജീവിതത്തിൽ മാറ്റങ്ങൾ അനുഭവിച്ചവരുടെ സാക്ഷ്യമാണ് ഈ സ്പാനിഷ് ഡോക്യുമെന്ററിയിലൂടെ ആളുകളിലേക്ക് എത്തിക്കുന്നത്. ജോർജ്ജ് പരീജ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ജെയ്മി പിനേഡയാണ്.

ഹക്കുന ഫിലിംസാണ് നിർമ്മാണം. ചിത്രത്തിന്റെ വിതരണാവകാശം ബോസ്കോ ഫിലിംസിനാണ്. ഫാതോം ഇവന്റസിന്റെ സഹകരണം വഴിയാണ് അമേരിക്കയിലെ തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിയത്. അമേരിക്കയിൽ എത്തുന്നതിന് മുമ്പേ തന്നെ ഒരു ലക്ഷത്തോളം ആളുകൾ മറ്റു രാജ്യങ്ങളിൽ ചിത്രം കണ്ടതായി ബോസ്കോ ഫിലിംസ് പറഞ്ഞു. മെക്സിക്കോയിലും, സ്പെയിനിലും ആദ്യ ആഴ്ചയിൽ ബോക്സ് ഓഫീസിലെ ആദ്യ പത്തിൽ തന്നെ ഇടം പിടിക്കാൻ ചിത്രത്തിനു സാധിച്ചു. ആളുകൾക്ക് പ്രത്യാശ നൽകാനും, അവരുടെ ഹൃദയങ്ങളെ സ്പർശിക്കാനുമാണ് ചിത്രം നിർമിച്ചതെന്ന് ജോർജ്ജ് പരീജ വ്യക്തമാക്കിയിരുന്നു. സാധാരണ ചിത്രങ്ങൾ കാണാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തിങ്കളാഴ്ച ദിവസം എലൈവ് പ്രദർശനത്തിന് എത്തിച്ചിട്ടും പതിനായിരങ്ങളാണ് ചിത്രം തിയേറ്ററുകളിലെത്തി കണ്ടതെന്നും വിതരണക്കാർ പറയുന്നു. 742 തിയേറ്ററുകളിലാണ് പ്രദർശനം നടന്നത്.


Related Articles »