Faith And Reason
ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തിലെ ജാഗരണ പ്രാര്‍ത്ഥനയില്‍ രണ്ടു ലക്ഷത്തോളം വിശ്വാസികളുടെ പങ്കാളിത്തം
പ്രവാചകശബ്ദം 16-05-2022 - Monday
ലിസ്ബണ്‍; വിശ്വപ്രസിദ്ധമായ ഫാത്തിമായിലെ മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ നൂറ്റിയഞ്ചാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ജാഗരണ പ്രാര്‍ത്ഥനയില്‍ രണ്ടു ലക്ഷത്തോളം വിശ്വാസികളുടെ പങ്കാളിത്തം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരുനാള്‍ ദിനത്തില്‍ ഫാത്തിമാ തീര്‍ത്ഥാടകര്‍ യുദ്ധക്കെടുതിയില്‍ നട്ടംതിരിയുന്ന യുക്രൈന്റെ സമാധാനത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റ് സബ്സ്റ്റിറ്റ്യൂട്ട് ആയ മെത്രാപ്പോലീത്ത എഡ്ഗാര്‍ പെന പാരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ 2 കര്‍ദ്ദിനാളുമാരും, 28 മെത്രാന്‍മാരും, 318 വൈദികരും, ആയിരകണക്കിന് തീര്‍ത്ഥാടകരും പങ്കെടുത്തു. തലേന്ന്‍ മെയ് 12-ന് രാത്രിയിലെ ജാഗരണ പ്രാര്‍ത്ഥനയില്‍ ഏതാണ്ട് രണ്ടു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
സമാധാനത്തിനും, ഹൃദയങ്ങളിലെ പുതു വെളിച്ചത്തിനുമായി പരിശുദ്ധ കന്യകാമാതാവിന്റെ സ്നേഹപൂര്‍വ്വമായ കരുതലിന് കീഴിലാണ് ഈ രാത്രി നാം നടക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് പെന പാര പറഞ്ഞു. വിശുദ്ധ കുര്‍ബാനക്കിടെ തീര്‍ത്ഥാടകര്‍, ലോകത്തിന്റെ സമാധാനത്തിനായും, യുക്രൈന്‍-റഷ്യന്‍ യുദ്ധത്തിന്റെ ഇരകള്‍ക്കായും, പ്രത്യേകം പ്രാര്‍ത്ഥിച്ചു. റഷ്യയെയും, യുക്രൈനെയും മാതാവിന്റെ അമലോത്ഭവ ഹൃദയത്തിനു സമര്‍പ്പിച്ചതിനോടു അനുബന്ധിച്ച് കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കൂട്ടായ്മയാണിത്. ജാഗരണ പ്രാര്‍ത്ഥനക്കിടയിലെ ജപമാല അര്‍പ്പണത്തിലെ ഒരു രഹസ്യം ചൊല്ലികൊടുത്തത് രണ്ട് യുക്രൈന്‍ അഭയാര്‍ത്ഥി കുഞ്ഞുങ്ങളായിരിന്നുവെന്നത് ശ്രദ്ധേയമാണ്.
1917 മേയ് 13ന് ആയിരുന്നു ഇടയ ബാലകരായ ലൂസിയാ ഡേ ലോസ് സാന്റോസ്, സഹോദരങ്ങളായ ഫ്രാൻസിസ്കോ ഡേ ലോസ് സാന്റോസ്, ജസീന്താ ഡേ ലോസ് സാന്റോസ് എന്നിവർക്കു പരിശുദ്ധ ദൈവമാതാവിന്റെ ആദ്യ ദര്‍ശനം ലഭിക്കുന്നത്. മെയ് 13 മുതൽ ഒക്ടോബർ 13വരെയുള്ള കാലയളവിൽ ആറു തവണയാണ് ഇവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഫ്രാൻസിസ്കോയും ജസീന്തായും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറുകയായിരിന്നു. 2017-ല്‍ ഫ്രാൻസിസ്കോയെയും ജസീന്തയെയും ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക