India - 2025

ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്: സന്യാസിനിയുടെ മാതാപിതാക്കളുടെ വിവാഹ രജത ജൂബിലി ആഘോഷം പ്രോവിന്‍ഷ്യല്‍ ഹൌസില്‍ ഒരുക്കി എസ്‌എച്ച് സമൂഹം

പ്രവാചകശബ്ദം 18-05-2022 - Wednesday

പേരാവൂർ: ജീവിതത്തിന്റെ ഏകാന്ത അവസ്ഥയിലും മകളുടെ സമര്‍പ്പിത ജീവിതത്തെ പുല്‍കാനുള്ള തീരുമാനം പൂര്‍ണ്ണ മനസ്സോടെ 'യെസ്' പറഞ്ഞ മാതാപിതാക്കള്‍ക്ക് അവിസ്മരണീയമായ രജത ജൂബിലി ആഘോഷമൊരുക്കി തൊണ്ടിയിലെ തിരുഹൃദയ സന്യാസിനി സമൂഹം. കഴിഞ്ഞ ദിവസം നടന്ന ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യത്വത്തിന്റെയും കരുതലിന്റെയും പ്രഘോഷണമായി മാറുകയായിരിന്നു. കണ്ണൂർ ജില്ലയിലെ പുലിക്കുരുമ്പ സ്വദേശികളായ ബെസി തോമസിനും ഡോളിയ്ക്കും രണ്ട് മക്കളാണുണ്ടായിരിന്നത്. അലീന, അലൻ. സമര്‍പ്പിത ജീവിതമെന്ന് തന്റെ ജീവിത സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ അലീന തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ചേര്‍ന്നപ്പോള്‍ ഓട്ടോമൊബൈൽ കോഴ്സായിരിന്നു അലന്‍ തെരഞ്ഞെടുത്തത്.

ഓട്ടോമൊബൈൽ കോഴ്സിന്റെ പരീക്ഷാഫലം കാത്തിരിക്കുമ്പോള്‍ 2019 ഒക്ടോബർ 29ന് മണ്ടളം പള്ളിക്കു സമീപമുണ്ടായ ബൈക്കപകടത്തിൽ അലന്‍ മരിച്ചു. അലന്റെ മരണശേഷം കുടുംബത്തിൽ മക്കളായി സിസ്റ്റര്‍ അലീന മാത്രം അവശേഷിച്ചപ്പോള്‍ സന്യാസ ജീവിതം ഉപേക്ഷിക്കുവാന്‍ സമ്മര്‍ദ്ധം ഏറുകയായിരിന്നു. നിത്യ വ്രതം ചെയ്യാത്ത സാഹചര്യത്തിൽ സന്യാസവൃത്തി ഉപേക്ഷിച്ച് അലീനയ്ക്കു വീട്ടിലേക്കു തിരികെപ്പോകാൻ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സിസ്റ്റര്‍ അലീന അതിനു തയാറായില്ല. തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ഭാഗമായി തുടരാൻ സിസ്റ്റർ അലീന ഉറച്ച തീരുമാനം കൈക്കൊണ്ടപ്പോള്‍ മാതാപിതാക്കളും മകളുടെ തീരുമാനത്തിനൊപ്പം നിന്നു.

ഇതിനിടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയ പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസാ പാലയ്ക്കലാണ് മാതാപിതാക്കളുടെ രജതജൂബിലി വർഷത്തെ കുറിച്ച് മനസിലാക്കുന്നത്. മകൻ മരിച്ച സാഹചര്യത്തിലും മകൾ സന്യാസിനിയായതിനാലും ജൂബിലി ആഘോഷം വേണ്ടെന്നു വച്ചിരിക്കുകയാണെന്ന് സിസ്റ്റര്‍ മനസിലാക്കി. മകന്‍ ഇല്ലെങ്കില്‍ മകളുള്ള സന്യാസഭവനം അവളുടെ അമ്മവീടാണെന്ന ബോധ്യവുമായി സിസ്റ്റർ ട്രീസാ പാലയ്ക്ക് ൽ ജൂബിലി ആഘോഷം പ്രോവിൻഷ്യൽ ഹൗസിൽ വച്ച് നടത്താൻ തീരുമാനമെടുത്തു. സഹപ്രവര്‍ത്തകരോട് പങ്കുവെച്ചപ്പോള്‍ എല്ലാ സന്യാസിനികള്‍ക്കും സന്തോഷം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്നതോടെ പ്രോവിന്‍ഷ്യല്‍ ഹൌസ് ജൂബിലി വലിയ ആഘോഷത്തിന് വേദിയായി മാറുകയായിരിന്നു.

ഫാ. ആന്റണി ആനക്കല്ലിൽ പ്രോവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടന്ന കൃതജ്ഞതാബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഹൗസ് ഹാളിൽ നടന്ന അനുമോദനസമ്മേളനം പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ വികാരി റവ. ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. പ്രോവിൻഷൽ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസാ പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ്ജ് തെക്കുംചേരി, ഇടവക കോ-ഓർഡിനേറ്റർ ജോജോ കൊട്ടാരംകുന്നേൽ എന്നിവർ പ്രസംഗിച്ചു. മംഗളൂരു സെന്റ് ആൻസ് കോളജിലെ രണ്ടാംവർഷ ബി എസ് സി വിദ്യാർത്ഥിനിയാണ് സിസ്റ്റർ അലീന.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




Related Articles »