Life In Christ

ഓട്ടോമൻ തുർക്കികളുടെ കാലത്ത് ലെബനോനിൽ രക്തസാക്ഷിത്വം വരിച്ച വൈദികർ വാഴ്ത്തപ്പെട്ട പദവിയിൽ

പ്രവാചകശബ്ദം 07-06-2022 - Tuesday

ബെയ്റൂട്ട്: ഓട്ടോമൻ തുർക്കികളുടെ ഭരണകാലയളവിൽ രക്തസാക്ഷിത്വം വരിച്ച രണ്ടു വൈദികരെ ലെബനോനിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടു. മിഷ്ണറിമാരായി തുർക്കിയിൽ സേവനം ചെയ്തിരുന്ന ഫ്രാൻസിസ്കൻ സന്യാസി വൈദികരായ ഫാ. ലിയോണാർഡ് മെൽക്കിയേയും, ഫാ. തോമസ് സാലേയുമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയിരിക്കുന്നത്. 1915നും 1917നും ഇടയിലുള്ള കാലയളവിലാണ് ഓട്ടോമൻ സൈന്യം ഇരുവരെയും വധിച്ചത്. ഫാ. മെൽക്കിയോട് ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ സമ്മര്‍ദ്ധം നടത്തിയിരിന്നു.

ഒന്നെങ്കിൽ ഇസ്ലാംമതം പുൽകുക, അല്ലെങ്കിൽ ക്രിസ്തു വിശ്വാസിയായി മരിക്കുകയെന്ന് ഓട്ടോമൻ തുർക്കികൾ പറഞ്ഞപ്പോൾ, ക്രിസ്തുവിശ്വാസം ത്യജിക്കാൻ തയ്യാറാകാത്തത് മൂലം, അദ്ദേഹത്തെ മറ്റ് 400 ക്രൈസ്തവ വിശ്വാസികൾക്കൊപ്പം മരുഭൂമിയിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 1915, ജൂൺ പതിനൊന്നാം തീയതിയാണ് ഫാ. ലിയോണാർഡ് മെൽക്കി രക്തസാക്ഷിത്വം വരിച്ചത്. അർമേനിയൻ കൂട്ടക്കൊലയുടെ സമയത്ത് ആ സമൂഹത്തിലെ ഒരു വൈദികന് അഭയം നൽകിയതാണ് ഫാ. തോമസ് സാലേയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. "എനിക്ക് ദൈവത്തിൽ പൂർണ ആശ്രയം ഉണ്ട്. എനിക്ക് മരണത്തെ ഭയമില്ല" - ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകൾ.

രാജ്യതലസ്ഥാനമായ ബെയ്റൂട്ടിന് പുറത്തുള്ള ജാൽ അൽ ദിബിലെ ദേവാലയത്തിൽവെച്ച് ജൂൺ നാലാം തീയതി നടന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങുകൾക്ക് വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാറോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാനുഷികമായി പറയുമ്പോൾ രക്തസാക്ഷികളാക്കപ്പെട്ട വൈദികർ ഇരകളാണെന്നും, എന്നാൽ ക്രൈസ്തവ വിശ്വാസത്തിന്റെ പക്ഷത്തുനിന്ന് പറയുമ്പോൾ അവർ വിജയികൾ ആണെന്നും കർദ്ദിനാൾ തന്റെ സന്ദേശത്തിൽ പറഞ്ഞു.

മാരോണൈറ്റ് സഭയുടെ പാത്രിയാർക്ക് കർദ്ദിനാൾ ബെച്ചാരെ ബൌട്രോസ് റായിയും, സിറിയൻ കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ് ഇഗ്നേസ് ജോസഫ് യൂനാനും മൂന്നാമനും, ലെബനോൻ സന്ദർശനം തുടരുന്ന കർദ്ദിനാൾ മാരിയോ ഗ്രച്ചും തിരുകര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു. 2020 ഒക്ടോബർ മാസം പുറത്തിറക്കിയ ഒരു ഡിക്രിയിലൂടെയാണ് ഇരു വൈദികരുടെയും രക്തസാക്ഷിത്വം ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി അംഗീകരിച്ചത്. ജൂൺ പത്താം തീയതി രാജ്യത്ത് അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ ഇരുവരെയും വിശ്വാസികൾ പ്രത്യേകം അനുസ്മരിക്കും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 76