Youth Zone

ജീവന്റെ മഹത്വം വിലമതിക്കപ്പെടുമ്പോള്‍: യു‌എസ് സുപ്രീംകോടതിയുടെ തീരുമാനത്തെ പറ്റി അറിയേണ്ട കാര്യങ്ങൾ

പ്രവാചകശബ്ദം 27-06-2022 - Monday

അമേരിക്കയില്‍ ഭ്രൂണഹത്യ ഭരണഘടനാപരമായ അവകാശമായി കണക്കാക്കിയ റോ വെസ് വേഡ് കേസിലെ വിധി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളാണ് ലോകമെമ്പാടും ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. അര നൂറ്റാണ്ട് പഴക്കമുള്ള ഭ്രൂണഹത്യ അനുകൂല വിധി റദ്ദ് ചെയ്ത യു‌എസ് സുപ്രീംകോടതിയുടെ തീരുമാനം പ്രോലൈഫ് സമൂഹവും കത്തോലിക്ക വിശ്വാസികളും ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ജീവന്റെ മഹത്വത്തെ മാനിക്കുന്ന വിധി പുറത്തുവന്നതും സംസ്ഥാനങ്ങള്‍ക്കു വിഷയത്തില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ അവസരം നല്‍കിയതും രാജ്യത്തെ പ്രോലൈഫ് സമൂഹത്തിന് നല്‍കുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല.

മനുഷ്യജീവൻ ഗർഭധാരണത്തിന്റെ നിമിഷം മുതൽ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണമെന്നും ഗർഭഛിദ്രം, ഗൗരവപൂർണമാംവിധം ധാർമിക നിയമത്തിനെതിരാണെന്നുമാണ് തിരുസഭ പഠിപ്പിക്കുന്നത്. 1973ൽ അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ വിധിയെ ചോദ്യം ചെയ്യുന്ന കേസിൽ അമേരിക്കൻ സുപ്രീംകോടതി വാദം കേൾക്കാൻ ആരംഭിച്ചത് കഴിഞ്ഞ വർഷം ഡിസംബർ ഒന്നാം തീയതിയാണ്. ജൂൺ 24 വെള്ളിയാഴ്ച 1973ലെ വിധി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. വിഷയത്തെപ്പറ്റി അറിയേണ്ട അഞ്ചു കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

1. ഈ കേസ് എന്തിനെ പറ്റി ആയിരുന്നു? ‍

15 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നടത്തുന്നത് വിലക്കിയ മിസിസിപ്പി സംസ്ഥാനത്ത് പാസാക്കിയ നിയമനിർമാണത്തിന് പിന്നാലെ പിറവിയെടുത്ത കേസാണ് ഡോബ്സ് വെസ് ജാക്സൺ കേസ്. ഈ കേസിൽ സുപ്രീംകോടതി പറഞ്ഞ വിധിയാണ് റോ വെസ് വേഡ് കേസിലെ വിധി റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ചത്. മിസിസിപ്പി സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ ഓഫീസർ തോമസ് ഇ ഡോബ്സിന്റെയും, സംസ്ഥാനത്തെ ഏക ഭ്രൂണഹത്യ ക്ലിനിക്കായ ജാക്സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷന്റെയും പേരിലാണ് ഡോബ്സ് വെസ് ജാക്സൺ കേസ് അറിയപ്പെടുന്നത്.

2.എങ്ങനെയാണ് ഡോബ്സ് വെസ് ജാക്സൺ കേസ് - റോ വെസ് വേഡ് കേസിനും, പ്ലാൻഡ് പേരന്‍റ്ഹുഡ് വെസ് കാസി കേസിനും വെല്ലുവിളി ഉയർത്തുന്നത് ? ‍

അമ്മയുടെ ഗർഭപാത്രത്തിന് പുറത്ത് കുഞ്ഞിന് ജീവിക്കാൻ പറ്റുന്ന സമയം വരെ ഭ്രൂണഹത്യ വിലക്കരുതെന്നാണ് റോ വെസ് വേഡ് കേസിൽ സുപ്രീം കോടതി നിർദേശം നൽകിയത്. ഇത് 24 മുതൽ 28 ആഴ്ച വരെയാണ് കോടതി കണക്കുകൂട്ടിയത്. 1992ലെ പ്ലാൻഡ് പേരന്‍റ്ഹുഡ് വെസ് കാസി കേസിൽ ഗർഭപാത്രത്തിന് പുറത്ത് കുഞ്ഞിന് ജീവിക്കാൻ പറ്റുന്ന സമയത്തിന് മുൻപുള്ള കാലഘട്ടത്തിലും ഭ്രൂണഹത്യ നിയന്ത്രിക്കാനുള്ള നിയമം പാസാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞെങ്കിലും ഇത് താങ്ങാൻ പറ്റാത്ത ബുദ്ധിമുട്ട് സ്ത്രീകൾക്ക് ഉണ്ടാക്കരുത് എന്ന നിർദ്ദേശവും നൽകിയിരുന്നു. 15 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ ചെയ്യാൻ പാടില്ല എന്ന നിയമമാണ് മിസിസിപ്പി സംസ്ഥാനം പാസാക്കിയത്. ഭരണഘടനയിൽ ഭ്രൂണഹത്യ നടത്താനുള്ള അവകാശമില്ലെന്ന് സംസ്ഥാനം വാദിച്ചു.

3.ആർക്കൊക്കെയാണ് കേസിൽ വാദം നടത്താൻ സാധിച്ചത്? ‍

മിസിസിപ്പി സംസ്ഥാനത്തെ സോളിസിറ്റർ ജനറലിനും, ജാക്സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷന്റെ അഭിഭാഷക പ്രതിനിധിക്കും, ഫെഡറൽ സർക്കാരിന്റെ സോളിസിറ്റർ ജനറലിനും തങ്ങളുടെ വാദങ്ങൾ ഉന്നയിക്കാൻ സാധിച്ചു.

4.സുപ്രീംകോടതിയുടെ പുതിയ വിധി പ്രസ്താവനയിൽ എന്താണ് പറഞ്ഞിരിക്കുന്നത്? ‍

സുപ്രീം കോടതിയിലെ 5 ജഡ്ജിമാർ വെള്ളിയാഴ്ചത്തെ വിധിയെ അനുകൂലിച്ചപ്പോൾ മൂന്നുപേരാണ് എതിർത്ത് വോട്ട് ചെയ്തത്. ഭ്രൂണഹത്യ വിഷയത്തിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലെ പൗരന്മാരെ ഭരണഘടന വിലക്കുന്നില്ലെന്ന് കോടതി വിധി പ്രസ്താവനയിൽ പറയുന്നു. റോ വെസ് വേഡ് കേസിലെ വിധി ഈ അവകാശം അപഹരിച്ചുവെന്നും കോടതി നിരീക്ഷിച്ചു. അന്ന് എടുത്ത തീരുമാനങ്ങൾ റദ്ദാക്കുന്നുവെന്നും, അധികാരം ജനങ്ങൾക്കും, അവർ തെരഞ്ഞെടുത്തവർക്കും തിരികെ നൽകുന്നുമെന്നുമാണ് കോടതി പറഞ്ഞത്. ഈ വിധി ഭ്രൂണഹത്യ നിയമവിരുദ്ധം ആക്കുന്നില്ല. മറിച്ച് ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കാൻ വേണ്ടി സംസ്ഥാനങ്ങൾക്ക് നിയമപരമായ തടസ്സങ്ങൾ മാറിക്കിട്ടും എന്നതാണ് വിധിയെ പ്രസക്തമാക്കുന്നത്.

5. ഇനി എന്താണ് സംഭവിക്കുന്നത്? ‍

അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ ഭ്രൂണഹത്യ ഇപ്പോൾ തന്നെ നിയമ വിരുദ്ധമാണ്. ചില സംസ്ഥാനങ്ങൾ ഭ്രൂണഹത്യ അനുകൂല നിയമങ്ങളും പാസാക്കിയിട്ടുണ്ട്. ഭ്രൂണഹത്യയെ സംബന്ധിച്ച വിഷയം നവംബർ മാസം അമേരിക്കയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് സ്വാധീനിക്കുമെന്നും കരുതപ്പെടുന്നു. റോ വെസ് വേഡ് കേസിലെ വിധി ഒരു ഫെഡറൽ നിയമമാക്കാൻ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ സെനറ്റിൽ നിരവധി തവണ ശ്രമം നടത്തിയെങ്കിലും അതൊന്നും ഇതുവരെ വിജയിച്ചിട്ടില്ല.

നിലവില്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഗര്‍ഭഛിദ്രത്തിന് നിരവധി സംസ്ഥാനങ്ങളില്‍ നിയന്ത്രണം വന്നുക്കഴിഞ്ഞു. വിധിയുടെ പിന്‍ബലത്തോടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ 30 ദിവസത്തിനുള്ളിൽ ഗർഭഛിദ്രം നിരോധിക്കുമെന്ന്‍ ഉറപ്പായിരിക്കുകയാണ്. പകുതിയോളം സംസ്ഥാനങ്ങളിലും വരും നാളുകളില്‍ നിയന്ത്രണം വന്നേക്കും. അനേകം വര്‍ഷങ്ങളായി രാജ്യത്തു നടത്തി വന്നിരിന്ന കൂട്ടക്കുരുതിയ്ക്കു തടയിടാന്‍ ദൈവം ചൊരിഞ്ഞ കരുണയ്ക്ക് നന്ദി പറയാം.


Related Articles »