News - 2024

ബെനഡിക്ട് പതിനാറാമന്‍ പാപ്പ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം

പ്രവാചകശബ്ദം 12-07-2022 - Tuesday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയെ ഒരു പതിറ്റാണ്ടിനടുത്ത് നയിക്കുകയും പിന്നീട് സ്ഥാനത്യാഗം നടത്തുകയും ചെയ്ത ബെനഡിക്ട് പതിനാറാമൻ പാപ്പ അന്തരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ട്വിറ്റര്‍ അടക്കമുള്ള നവമാധ്യമങ്ങളിലാണ് വ്യാജ പ്രചരണം നടക്കുന്നത്. ജർമ്മൻ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റ് ബിഷപ്പ് ജോർജ്ജ് ബാറ്റ്‌സിംഗിന്റെ @BischofBatzing-ന്റെ പേര് ഉപയോഗിച്ചുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടില്‍ നിന്നാണ് വ്യാജ മരണ വാര്‍ത്ത ആദ്യം പുറത്തുവരുന്നത്. അധികം വൈകാതെ ഇതിന്റെ സ്ക്രീന്‍ഷോട്ടും ലിങ്കും മറ്റുള്ള നവ മാധ്യമങ്ങളിലേക്ക് പടരുകയായിരിന്നു. എന്നാല്‍ ഔദ്യോഗിക വൃത്തങ്ങള്‍ ഇത് വ്യാജ പ്രചരണമാണെന്ന് സ്ഥിരീകരിച്ചു.

അപ്പസ്തോലിക ലേഖനങ്ങളിലൂടെയും അടിയുറച്ച നിലപാടുകളിലൂടെയും തിരുസഭക്ക് പുത്തൻ വിശ്വാസ അനുഭവം സമ്മാനിച്ച പാപ്പ 2013 ഫെബ്രുവരി 28-നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. 1600ന് ശേഷമുള്ള മാർപാപ്പമാരുടെ പ്രായം കണക്കിലെടുത്താല്‍ ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപാപ്പ എന്ന റെക്കോർഡ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കാണ്. 93 വർഷവും, നാലു മാസവും മൂന്നു ദിവസവും ജീവിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ റെക്കോർഡ് 2020-ല്‍ ബെനഡിക്ട് മാർപാപ്പ മറികടന്നിരിന്നു. നിലവില്‍ പാപ്പയ്ക്ക് 95 വയസ്സു പ്രായമുണ്ട്.


Related Articles »