India - 2024

തുരുത്തുകളായി മാറിനിൽക്കാതെ ഒറ്റക്കെട്ടായുള്ള മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യം: മാർ തോമസ് തറയിൽ

25-07-2022 - Monday

കാഞ്ഞിരപ്പള്ളി: തുരുത്തുകളായി മാറിനിൽക്കാതെ സഭയിലെ വിശ്വാസിസമൂഹം ഒറ്റക്കെട്ടായുള്ള മുന്നേറ്റം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ. കാഞ്ഞിരപ്പള്ളി രൂപതയിലെ പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവർണ ജൂബിലിയോടനുബന്ധിച്ചു നടന്ന ഇടവക നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ തറയിൽ.

വൈദികരും സന്യസ്തരും എല്ലാവരും ഒത്തുചേർന്നുള്ള വിശ്വാസി സമൂഹത്തിന്റെ ഇടവക തല നേതൃസമ്മേളനങ്ങൾ സഭയിൽ പുത്തനുണർവ് സൃഷ്ടിച്ച് കൂട്ടായ്മയും കുടുംബ ബന്ധങ്ങളും കൂടുതൽ ആഴപ്പെടുത്തി സുവിശേഷദൗത്യം നിർവഹിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തുരുത്തുകളായി മാറിനിൽക്കാതെ സഭയിലെ വിശ്വാസിസമൂഹം ഒറ്റക്കെട്ടായുള്ള മുന്നേറ്റം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭക്തരെക്കാളുപരി ശിഷ്യരെയാണ് സഭയ്ക്ക് ആവശ്യം. സഭാസ്ഥാപനങ്ങളിലൂടെ സമൂഹം വളർന്നു. സഭ വളർന്നുവോ എന്ന് ചിന്തിക്കണമെന്നും മാർ തറയിൽ സന്ദേശത്തിൽ പറഞ്ഞു.

സെന്റ് മേരീസ് പള്ളി വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ വി.സി. സെബാസ്റ്റ്യൻ, സിസ്റ്റർ മേരി ഫിലിപ്പ് എസ്എച്ച്, ജൂബിലി ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ജോജി വാളിപ്ലാക്കൽ, പാരീഷ് കൗൺസിൽ സെക്രട്ടറി വർഗീസ് ജോർജ് രണ്ടുപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇടവക നേതൃസംഗമത്തിനോടനുബന്ധിച്ച് 150 അംഗ ജൂബിലി ഗായകസംഘം നേതൃത്വം നൽകിയ ഗാനശുശ്രൂഷയും നടത്തി.


Related Articles »