India - 2025

മലങ്കര ഓർത്തഡോക്സ് സഭയില്‍ 7 മെത്രാപ്പോലീത്തമാർ അഭിഷിക്തരായി

പ്രവാചകശബ്ദം 29-07-2022 - Friday

കുന്നംകുളം: മലങ്കര ഓർത്തഡോക്സ് സഭയുടെ ഏഴ് മെത്രാപ്പോലീത്തമാർ ഇന്നലെ അഭിഷിക്തരായി. ചരിത്രപ്രസിദ്ധമായ പഴയ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലായിരുന്നു പ്രാർത്ഥന നിറവിൽ എഴു മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന നമസ്കാരത്തോടെയാണു ശുശ്രൂഷയ്ക്കു തുടക്കമായത്. സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സഹകാർമികരായി. ഇന്നലെ രാവിലെ ആറിനു കുർബാന ആരംഭിച്ചു.

കുർബാന മധ്യേയായിരുന്നു മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണശുശ്രൂഷ ഉച്ചകഴിഞ്ഞ് മൂന്നിനു നടന്ന അനുമോദന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഏബ്രഹാം മാർ സ്‌തെഫാനോസ് മെത്രാപ്പോലീത്ത, തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത, ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത, സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത എന്നിവരാണു സ്ഥാനമേറ്റത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള പഴഞ്ഞി പള്ളി മൂന്നാം തവണയാണു മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണ ശുശ്രൂഷയ്ക്കു വേദിയാകുന്നത്. മലങ്കരയിലെ പ്രഥമ മെത്രാപ്പോലീത്തയായ സഭാ ജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമന്റെ സ്ഥാനാരോഹണ ശുശ്രൂഷ 1815 മാർച്ച് 22ന് പഴഞ്ഞിയിൽ നടന്നിരുന്നു. 1978 മെയ് 15ന് അന്നത്തെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമന്റെ കാർമികത്വത്തിൽ അഞ്ചു മെത്രാപ്പോലീത്തമാരെ വാഴിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25ന് കോലഞ്ചേരിയിൽ ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി അസോസിയേഷനാണ് ഏഴു വൈദികരെ മെത്രാപ്പോലീത്ത സ്ഥാനത്തേക്കു ശിപാർശ ചെയ്തത്.


Related Articles »