India - 2025

മാര്‍പാപ്പയെയും സിനഡിനെയും വെല്ലുവിളിക്കുന്നവര്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തുന്നു: സീറോ മലബാർ സഭ

പ്രവാചകശബ്ദം 08-08-2022 - Monday

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയവും സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്തുകൊണ്ടും സഭാസിനഡിന്റെ അധികാരത്തെ നിരാകരിച്ചുകൊണ്ടും സമ്മേളനം സംഘടിപ്പിക്കുന്നവരും പ്രസ്താവനകളിലൂടെ സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നവരും സഭയിലെ അച്ചടക്കം തകർക്കുന്നവരും ഗുരുതരമായ അച്ചടക്കലംഘനമാണു നടത്തുന്നതെന്ന് സീറോ മലബാർ സഭ. മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിൽനിന്നുള്ള വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ സ്ഥലവില്പന കാനോനികസമിതികളു ടെ അംഗീകാരത്തോടെയും സുതാര്യമായും നിയമാനുസൃതമായുമാണ് നടന്നതെന്നും മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ പുറപ്പെടുവിച്ച വിശദീകരണക്കുറിപ്പിൽ പറയുന്നു.

സ്ഥലം വില്പനയുമായി ബന്ധപ്പെട്ടു തത്പരകക്ഷികൾ ഫയൽ ചെയ്ത ഒരു കേസിൽ പോലീസ് അന്വേഷണം നടത്തുകയും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ ആരോപിക്കപ്പെട്ട കുറ്റങ്ങൾ നിലനിൽക്കുന്നവയല്ലെന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. കർദ്ദിനാളിനെതിരേ കോടതിയിൽ ഫയൽ ചെയ്ത മറ്റൊരു കേസിൽ സുപ്രീംകോടതിയിൽ കേരള സർക്കാർ നൽകിയ സത്യവാങ്മൂലം ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. സ്ഥലവില്പനയിലൂടെ അതിരൂപതയ്ക്ക് ലഭിക്കുമെന്നു കരുതിയ തുക കിട്ടിയില്ല എന്നുള്ളതു വസ്തുതയാണ്.

സ്ഥലത്തിന് ഉദ്ദേശിച്ച വില ലഭിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ കർദ്ദിനാളാണ് കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലങ്ങൾ അതിരൂപതയുടെ പേരിൽത്തന്നെ ഈടായി എഴുതിവാങ്ങിയത്. സ്ഥലം വില്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ച എല്ലാ കമ്മീഷനുകളും ഈ ഇടപാടുകളിലൂടെ ആലഞ്ചേരി പിതാവ് വ്യക്തിപരമായി ഒരു സാമ്പത്തികനേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കർദ്ദിനാളിന്റെ പ്രത്യേക ശ്രദ്ധയിൽ ഈടായി വാങ്ങിയ രണ്ടു സ്ഥലങ്ങൾ വിറ്റുകൊണ്ട് അതിരൂപതയ്ക്കു വന്ന നഷ്ടം നികത്താൻ സ്ഥിരം സിനഡ് നിർദേശിക്കുകയുണ്ടായി. എന്നാൽ, ഈ വില്പനയ്ക്ക് അതിരൂപതയുടെ കാനോനിക സമിതികൾ സമ്മതം നൽകിയില്ല. ഏതുവിധേനയും കർദ്ദിനാളിനെ കുറ്റക്കാരനാക്കി മുദ്രകുത്തി സ്ഥാനത്തു നിന്ന് പുറത്താക്കുന്നതുവരെ പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാൻ ചിലർക്കു നിർബന്ധ ബുദ്ധിയുണ്ടായിരുന്നു എന്നാണ് ഇതു വ്യക്തമാക്കുന്നത്.

അതിരൂപതാ കാനോനിക സമിതികൾ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിനു നൽകിയ അപ്പീലിനുള്ള മറുപടിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തിപരമായി റെസ്റ്റിറ്റ്യൂഷൻ നടത്തണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അപ്രകാരം പ്രചരിപ്പി ക്കുന്നത് തെറ്റാണെന്നും ആ തെറ്റ് നിർബന്ധപൂർവം ആവർത്തിക്കുന്നവർക്കെതിരേ കാനോനികമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രിഗേഷൻ പറഞ്ഞിരുന്നു. കർദ്ദിനാൾ ലൌണാർദോ സാന്ദ്രിയുടെ ഈ തീരുമാനത്തിനെതിരേ സഭയിലെ പരമോന്നത നീതിന്യായ സംവിധാനമായ അപ്പസ്തോലിക് സിഞ്ഞത്തൂരയിൽ അതിരൂപതാസമിതികളുടെ നിർദേശപ്രകാരം മാർ ആന്റണി കരിയിൽ അപ്പീൽ നൽകിയതായി അറിയുന്നു.

അതിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതും തീരുമാനം വരുമ്പോൾ അത് അംഗീകരിക്കേണ്ടതും അടിസ്ഥാന ധാർമികതയാണ്. ഇതുപാലിക്കാതെ 2022 ജൂണിൽ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽ ചെന്ന് റെസ്റ്റിറ്റ്യൂഷന്റെ കാര്യത്തിൽ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ പിന്നിലുള്ള ലക്ഷ്യമെന്താണ്? അതോടൊപ്പം, മാധ്യമങ്ങളിലും പൊതുസമ്മേളനങ്ങളിലും റെസ്റ്റിറ്റ്യൂഷനു വേണ്ടി മുറവിളികൂട്ടുമ്പോൾ അത് സാമാന്യമര്യാദകളെയും നീതിന്യായസംവിധാനങ്ങളുടെ പ്രവർത്തനങ്ങളെയും നീതിബോധത്തെയും വെല്ലുവിളിക്കുന്നതിനു തുല്യമാണ്. സിവിൽ കോടതികളിലും സഭാകോടതികളിലും കേസുകൾ നടത്തുകയും അ തേസമയം പൊതുവേദികളിലും മാധ്യമങ്ങളിലൂടെയും കർദിനാളിനെ അപകീർത്തിപ്പെടുത്താനുള്ള സംഘടിത പരിശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി ‍

വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലുള്ള ഏകീകരണ തീരുമാനവുമായി ബന്ധപ്പെട്ടു പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ വാദഗതികൾ ഇതിനകം സഭയിലെ മഹാഭൂരിപക്ഷം വരുന്ന വൈദികരും സമർപ്പിതരും വിശ്വാസികളും തള്ളിക്കളഞ്ഞവയാണ്. ഇക്കാര്യത്തിൽ മാർപാപ്പയെയും സിനഡിനെയും കരിയിൽ പിതാവ് അനുസരിക്കാതെവന്ന സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കുന്നതിനുള്ള അവസാന ശ്രമമെന്ന നിലയിൽ അദ്ദേഹത്തെയും അതിരൂപതാ കാര്യാലയത്തിലെ ചില അംഗങ്ങളെയും പൗരസ്ത്യസഭാ കാര്യാലയം റോമിലേക്കു വിളിപ്പിക്കുകയുണ്ടായി.

സഭയുടെ സ്ഥിരം സിനഡിലെ അംഗങ്ങളായ പിതാക്കന്മാരെയും റോമിലേക്കു വിളിച്ചിരുന്നു. പൗരസ്ത്യ സഭാ കാര്യാലയത്തിലും സ്റ്റേറ്റ് സെക്രട്ടറിയുടെ ഓഫീസിലും നടന്ന ചർച്ചകളിൽ കു ർബാനയുടെ തീരുമാനം നടപ്പിലാക്കാനുള്ള തന്റെ നിസഹായത മെത്രാപ്പോലിത്തൻ വികാരി വെളിപ്പെടുത്തുകയുണ്ടായി. ചർച്ചകളിൽ പങ്കെടുത്ത കൂരിയാ അംഗങ്ങൾ പതിവു സമ്മർദ നിലപാടുകളാണ് അവിടെയും സ്വീകരിച്ചത്. റോമിൽ നടന്ന ചർച്ചകളുടെയും കരിയിൽ പിതാവും കൂടെയുണ്ടായിരുന്നവരും സ്വീകരിച്ച നിലപാടുകളുടെയും ഫലമാണ് പിന്നീടു സംഭവിച്ചത്. വൈദികരുടെ നിർബന്ധത്തിനു വഴങ്ങി കുരിയിൽ പിതാവ് പ്രവർത്തിച്ചതു മാർപാപ്പയുടെ വ്യക്തമായ നിർദേശങ്ങൾക്കെതിരായിട്ടാണ്. ഇതു ഗൗരവകരമായ അച്ചടക്കലംഘനമായി വത്തിക്കാൻ കണക്കാക്കിയെന്നു കരുതണം.

തുടർന്ന് ഫ്രാൻസിസ് മാർപാപ്പ എടുത്ത തീരുമാനപ്രകാരമാണ് മാർപാപ്പയുടെ പ്രതിനിധിയായ അപ്പസ്തോലിക് ന്യൂൺഷ്യോ ആ ർച്ച്ബിഷപ്പ് ലെയോപോൾദോ ജിറെല്ലി കരിയിൽ പിതാവിനെ ഡൽഹിയിലേക്കു വിളിപ്പിച്ചതും ഒരാഴ്ചയ്ക്കുശേഷം എറണാകുളത്ത് അതിമെത്രാസന മന്ദിരത്തിലെത്തി പിതാവിനെ വീണ്ടും വ്യക്തിപരമായി കണ്ടതും. തുടർന്നാണ് മാർ കരിയിൽ നൽകിയ രാജി മാർപാപ്പ സ്വീകരിച്ചതും ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതും. കത്തോലിക്കാസഭയുടെ ഭരണസംവിധാനങ്ങൾ മനസിലാകുന്നവർക്കും, കത്തോലിക്കാസഭയിൽ അച്ചടക്കത്തിനും അനുസരണത്തിനും വിധേയത്വത്തിനും എതിരായി പ്രവർത്തിക്കുന്നവർ ആരായാലും സഭാനിയമനുസരിച്ച് സ്വീകരിക്കുന്ന നടപടികളെ ക്കുറിച്ചു അറിവുള്ളവർക്കും, കരിയിൽ പിതാവ് രാജിവയ്ക്കേണ്ടിവന്നതിന്റെ കാരണം പ്രത്യേകിച്ച് ആലോചിച്ച് കണ്ടുപിടിക്കേണ്ടതില്ലെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

More Archives >>

Page 1 of 474