India - 2025

തീരദേശ അവഗണന: സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കാന്‍ തിരുവനന്തപുരം അതിരൂപത

പ്രവാചകശബ്ദം 08-08-2022 - Monday

തീരദേശ ജനത വിവിധ തരത്തിലുള്ള പ്രശ്നങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയിട്ടും നിസംഗത തുടരുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കാന്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ തീരുമാനം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന പ്രതിഷേധ സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് വൈദിക സമിതിയിൽ തീരുമാനമെടുത്തിട്ടുണ്ട്. ബുധനാഴ്ച സെക്രട്ടറിയേറ്റ് നടയിൽ വള്ളം നിറയ്ക്കൽ സമരം നടത്താനും തീരുമാനിച്ചു. രാവിലെ അതിരൂപതയിലെ എല്ലാ തീരദേശ ഇടവകകളിൽ നിന്നും വള്ളങ്ങൾ മ്യുസിയം ജങ്ക്ഷണിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ ജാഥ നടത്തും. നൂറോളം വള്ളങ്ങളായിരിക്കും പ്രതിഷേധ പ്രദക്ഷിണത്തിൽ പങ്കെടുക്കുക.

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തിരുവനന്തപുരം ജില്ലയുടെ തീരത്ത് ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങൾ അപരിഹാര്യമാണെന്ന്‍ കേരള ലത്തീന്‍ മെത്രാന്‍ സമിതി നേരത്തെ പ്രസ്താവിച്ചിരിന്നു. കേരളത്തിന്റെ തീരത്ത് നിർമ്മിച്ചിട്ടുള്ള ദൃഢഘടനകൾ ഗുരുതരമായ പാരിസ്ഥിതിക അപകടം ഉളവാക്കുന്നുണ്ട്. വിഴിഞ്ഞത്ത് 3.2 കിലോമീറ്റർ നീളത്തിൽ പുലിമൂട്ട് നിർമ്മിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ ഭയാനകവും പ്രവചനാതീതമായിരിക്കും. ഈ സാഹചര്യത്തിൽ തുറമുഖ നിർമ്മാണം നിർത്തിവച്ച് നിർമ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്നും ലത്തിൻ മെത്രാൻ സമിതി ആവശ്യപ്പെട്ടു.

തുറമുഖ നിർമ്മാണം ഉളവാക്കുന്ന സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ പറ്റി ശാസ്ത്രീയവും സത്യസന്ധവുമായ പഠനം നടത്തി പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതുവരെ തുറമുഖ നിർമ്മാണം നിറുത്തി വയ്ക്കണം. ഇത്തരം പഠനങ്ങളിൽ പ്രദേശവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യം ഉണ്ടായിരിന്നു.

More Archives >>

Page 1 of 474