News - 2024

മാരോണൈറ്റ് മെത്രാപ്പോലീത്തയെ അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവം; ആർച്ച് ബിഷപ്പിന് പിന്തുണയുമായി യുഎസ് മെത്രാന്‍ സമിതി

പ്രവാചകശബ്ദം 17-08-2022 - Wednesday

ബെയ്റൂട്ട്: ഇസ്രായേല്‍ അതിര്‍ത്തിയില്‍ ലെബനീസ് സുരക്ഷാസേന അന്യായമായി കസ്റ്റഡിയിലെടുത്ത മാരോണൈറ്റ് മെത്രാപ്പോലീത്ത മൌസാ എല്‍-ഹാഗേക്ക് പിന്തുണയേറുന്നു. ഹയിഫാ ആന്‍ഡ് ഹോളിലാന്‍ഡ് മെത്രാപ്പോലീത്ത എല്‍-ഹാഗേക്ക് പിന്തുണയുമായി അമേരിക്കന്‍ മെത്രാന്‍ സമിതി രംഗത്തെത്തിയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കായി അദ്ദേഹം സമാഹരിച്ച വൈദ്യ സഹായവും, സാമ്പത്തിക സഹായവും പിടിച്ചെടുത്ത ലെബനീസ് സുരക്ഷാ സേനയുടെ നടപടിയെ യു.എസ് മെത്രാന്‍ സമിതി അപലപിച്ചു. ലെബനന്റേത് അപകടകരമായ നടപടിയാണെന്നു അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ആന്‍ഡ് പീസ്‌ കമ്മിറ്റിയുടെ ചെയര്‍മാനും റോക്ക്ഫോര്‍ഡ് മെത്രാനുമായ ഡേവിഡ് മാലോയ് പ്രസ്താവിച്ചു. ലെബനോൻ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, കർദ്ദിനാൾ റായിയോടും ബിഷപ്പുമാരുടെ സിനഡിനോടും തങ്ങള്‍ ഐക്യദാർഢ്യം പുതുക്കുന്നുവെന്നു ബിഷപ്പ് മാലോയ് പറഞ്ഞു.

മാരോണൈറ്റ് പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ബേച്ചര റായിയുമായുള്ള ജൂലൈ 20-ലെ കൂടിക്കാഴ്ചക്ക് ശേഷം മാരോണൈറ്റ് മെത്രാന്‍മാരുടെ സ്ഥിര സിനഡ് പുറത്തുവിട്ട പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പരാമര്‍ശം. ലെബനീസ് സഭ മുന്‍ നൂറ്റാണ്ടുകളില്‍ അനുഭവിച്ച അധിനിവേശത്തേ തിരികെ കൊണ്ടുവരുന്നതാണ് സംഭവമെന്നു മാരോണൈറ്റ് മെത്രാന്മാര്‍ സംഭവത്തെ വിശേഷിപ്പിച്ചു. ഇത് അപകടകരമായ മാതൃകയാണെന്നു ലെബനോനിലെ അപ്പസ്തോലിക ന്യൂൺഷോ പ്രസ്താവിച്ചു. മെത്രാപ്പോലീത്തയുടെ കസ്റ്റഡി വ്യാജ ആരോപണത്തിന്റെ പേരിലാണെന്നും അദ്ദേഹത്തില്‍ നിന്നും പിടിച്ചെടുത്തത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമാണെന്നും കര്‍ദ്ദിനാള്‍ റായി പറഞ്ഞു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്' എന്ന സംഘടനയുടെ റിലീജിയസ് അഫയേഴ്സ് ബോര്‍ഡും മെത്രാപ്പോലീത്തയെ കസ്റ്റഡിയിലെടുത്ത നടപടിയെ അപലപിച്ചു. മതസ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള ഭീഷണിയാണിതെന്നു പരിപാടി കഴിഞ്ഞ് സംഘടന ആരോപിച്ചു. ഇക്കഴിഞ്ഞ ജൂലൈ 19ന് വിശുദ്ധ നാട്ടിലേക്കുള്ള തന്റെ ഇസ്രായേൽ സന്ദർശനത്തിനിടെ മെത്രാപ്പോലീത്തയെ അധികൃതർ കസ്റ്റഡിയിലെടുക്കുകയും അദ്ദേഹത്തിന്റെ സെല്‍ഫോണും പാസ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിച്ചെടുക്കുകയുമായിരുന്നു. 20 സ്യൂട്ട്കേസുകള്‍ നിറയെ മരുന്നും, 4,60,000 ഡോളറും പിടിച്ചെടുക്കുകയുണ്ടായി.

വടക്കന്‍ ഇസ്രായേലിലെ ലെബനീസ് ക്രൈസ്തവര്‍ തങ്ങളുടെ ബന്ധുക്കള്‍ക്ക് നല്‍കുവാന്‍ ഏല്‍പ്പിച്ച പണമായിരുന്നു ഇത്. ഇസ്രായേലില്‍ നിന്നും ലെബനോനിലേക്ക് വരുന്ന വസ്തുക്കള്‍ സംബന്ധിച്ച നിയമത്തിന്റെ കീഴില്‍ വരുന്ന പണമാണിതെന്നു കേസ് കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് ഫാദി അകികി പറഞ്ഞു. മെത്രാന്‍ സമിതിക്ക് പുറമേ കര്‍ദ്ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറി, ഡാനിയല്‍ ഡിനാര്‍ഡോ, കര്‍ദ്ദിനാള്‍തിമോത്തി ഡോളന്‍ എന്നിവരും മാരോണൈറ്റ് മെത്രാപ്പോലീത്തക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ലെബനീസ് സുരക്ഷാസേനയുടെ മേലുള്ള തീവ്ര ഇസ്ലാമിക സ്വാഭാവമുള്ള ഹിസ്‌ബൊള്ളയുടെ സ്വാധീനമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്.


Related Articles »