News - 2024

ഫാ. അലക്സ് താരാമംഗലം മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാന്‍

പ്രവാചകശബ്ദം 25-08-2022 - Thursday

മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാനായി റവ. ഫാ. അലക്സ് താരാമംഗലത്തിനെ സീറോ മലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം തിരഞ്ഞെടുത്തു. ഇന്ന് ( 2022 ഓഗസ്റ്റ് മാസം 25) ഉച്ചകഴിഞ്ഞ് 3.30-ന് മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പിന്റെ കാര്യാലയത്തിൽ വച്ച് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പരസ്യപ്പെടുത്തി. അതേ സമയം തന്നെ വത്തിക്കാനിലും അറിയിപ്പുണ്ടായി.

മാനന്തവാടി രൂപതയുടെ മാതൃരൂപതയായ തലശ്ശേരി അതിരൂപതയിലെ വൈദികനാണ് ഫാ. അലക്സ് താരാമംഗലം. 1958 ഏപ്രിൽ 20ന് താരാമംഗലം കുര്യാച്ചൻ - അന്നക്കുട്ടി ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമനായി പാലാ രൂപതയിലെ മൂഴൂർ ഇടവകയിലാണ് അലക്സച്ചൻ ജനിച്ചത്. തലശ്ശേരി അതിരൂപതയിലെ പാത്തൻപാറ ഇടവകയിലാണ് അച്ചന്റെ കുടുംബം ഇപ്പോൾ താമസിക്കുന്നത്. ബഹുമാനപ്പെട്ട അലക്സച്ചന്റെ പിതാവ് 1995ലും മാതാവ് 2010ലും മരണമടഞ്ഞു. സഹോദരന്മാർ രണ്ട് പേരും പാത്തൻപാറ ഇടവകയിൽ കുടുംബ ജീവിതം നയിക്കുന്നു.

സ്കൂൾ പഠനത്തിന് ശേഷം അദ്ദേഹം 1973 ൽ തലശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ ചേർന്നു. വടവാതൂർ സെന്റ് തോമസ് മേജർ സെമിനാരിയിലെ തത്വശാസ്ത്ര - ദൈവശാസ്ത്ര പഠനങ്ങൾക്ക് ശേഷം 1983 ജനുവരി 1 ന് പാത്തൻപാറ ഇടവകയിൽ വച്ച് അന്നത്തെ തലശ്ശേരി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ പിതാവിൽ നിന്ന് പുരോഹിത പട്ടം സ്വീകരിച്ചു. ഏതാനും വർഷത്തെ അജപാലന ശുശ്രൂഷക്ക് ശേഷം 1986 മുതൽ 1992 വരെ റോമിൽ ഉപരിപഠനം നടത്തി അവിടെയുള്ള ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നു് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.

1993 മുതൽ 1995 വരെ വടവാതൂർ - മംഗലപ്പുഴ സെമിനാരികളിൽ വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു. തുടർന്ന് വടവാതൂർ സെമിനാരിയിൽ സ്ഥിരം അധ്യാപകനായി. വടവാതൂർ സെമിനാരിയിൽ 2005 മുതൽ 2010 വരെ വൈസ് റെക്ടറായും 2010 മുതൽ 2015 വരെ റെക്ടറായും സേവനം ചെയ്തു. 2016 മുതൽ 2022 മെയ് വരെ തലശ്ശേരി അതിരൂപതയുടെ പ്രോട്ടോ സിൻചെല്ലുസ് ആയിരുന്നു.

അതിന് ശേഷം മാടത്തിൽ ഇടവകയുടെ വികാരിയായി നിയമിക്കപ്പെട്ട് അവിടെ ശുശ്രൂഷ ചെയ്ത് വരവേയാണ് മാനന്തവാടി രൂപതയുടെ സഹായമെത്രാൻ സ്ഥാനത്തേക്ക് അദ്ദേഹം നിയമിതനായിരിക്കുന്നത്. നിയുക്ത മെത്രാന്‍ വിദേശയാത്രയിലായതിനാൽ മടങ്ങിയെത്തിയതിന് ശേഷം മാനന്തവാടി രൂപതയുടെ കാനോനികസമിതികളോടും കൂടിയാലോചിച്ച ശേഷമേ മെത്രാൻ പട്ടത്തിന്റെ തിയതി തീരുമാനിക്കുകയുള്ളൂ.

More Archives >>

Page 1 of 784